‘വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠനച്ചെലവ് ഞാന്‍ ഏറ്റെടുത്തോട്ടെ’; സജീഷിനോട് പാര്‍വതി ചോദിച്ചു

‘വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠനച്ചെലവ് ഞാന്‍ ഏറ്റെടുത്തോട്ടെ’; സജീഷിനോട് പാര്‍വതി ചോദിച്ചു

Spread the love

സ്വന്തംലേഖകൻ

കോട്ടയം : നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ ലിനി എന്ന മാലാഖ മലയാളികളുടെ മനസിലെ തീരാ നൊമ്പരമാണ് .
ഇപ്പോഴും ലിനിയുടെ ആ ചിരിക്കുന്ന മുഖം മലയാളികളുടെ മനസ്സില്‍ ഒരു നോവായി മിന്നിമറയുന്നു. ഇപ്പോഴിതാ ലിനിയുടെ മരണശേഷം നന്മയുടെ കരങ്ങള്‍ നീട്ടിയെത്തിയവരില്‍  നടി പാര്‍വതി തിരുവോത്തും ഉണ്ടായിരുന്നെന്ന് പറയുകയാണ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സജീഷ് ഇക്കാര്യം പറഞ്ഞത്. കുട്ടികളുടെ പഠനച്ചെലവ് താന്‍ ഏറ്റെടുത്തോട്ടെയെന്ന് പാര്‍വതി ചോദിച്ചിരുന്നതായി സജീഷ് കുറിപ്പില്‍ പറയുന്നു.

സജീഷിന്റെ കുറിപ്പ് വായിക്കാം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയരെ…. ഉയരെ… പാര്‍വ്വതി. പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ ‘ഉയരെ’ കാണാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമാമേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ചു നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നതു കൊണ്ടും അതിനപ്പുറം പാര്‍വ്വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത് ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് ‘സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠനച്ചെലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി’ എന്ന വാക്കുകള്‍ ആണ്. പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ‘ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠനസഹായം’ എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി.

ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എന്‍.എ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വെച്ച് പാര്‍വ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാര്‍ത്ഥിനും അവരുടെ സ്‌നേഹമുത്തങ്ങളും ലാളനവും ഏറ്റു വാങ്ങാനും കഴിഞ്ഞു. ഒരുപാട് സ്‌നേഹത്തോടെ പാര്‍വതി തിരുവോത്തിന് ആശംസകള്‍.