മറ്റ് ഡിപ്പാർട്ടുമെൻ്റുകളിൽ 50% പേർ ജോലിക്ക് വന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ പോലീസിൽ അവധിയിലുള്ളവരെയടക്കം വിളിച്ചു വരുത്തി; പൊരിവെയിലിൽ പണി എടുക്കുന്നവർക്ക് റസ്റ്റ് എടുക്കാൻ കാലൊടിഞ്ഞ കട്ടിലും പേപ്പറും; പലരും മക്കളെയും ഭാര്യയേയും കണ്ടിട്ട് ആഴ്ചകൾ ;   ഇൻഷ്വറൻസുമില്ല, സുരക്ഷയുമില്ല: കൂടെ ജോലി ചെയ്യുന്നവന് കൊവിഡായാൽ പോലും അവധിയുമില്ല: കൊവിഡ് കാലത്ത് നാട്ടിലുള്ള പണി മുഴുവൻ ചെയ്യുന്ന പൊലീസിൻ്റെ ആരോഗ്യം ആര് നോക്കും?

മറ്റ് ഡിപ്പാർട്ടുമെൻ്റുകളിൽ 50% പേർ ജോലിക്ക് വന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ പോലീസിൽ അവധിയിലുള്ളവരെയടക്കം വിളിച്ചു വരുത്തി; പൊരിവെയിലിൽ പണി എടുക്കുന്നവർക്ക് റസ്റ്റ് എടുക്കാൻ കാലൊടിഞ്ഞ കട്ടിലും പേപ്പറും; പലരും മക്കളെയും ഭാര്യയേയും കണ്ടിട്ട് ആഴ്ചകൾ ; ഇൻഷ്വറൻസുമില്ല, സുരക്ഷയുമില്ല: കൂടെ ജോലി ചെയ്യുന്നവന് കൊവിഡായാൽ പോലും അവധിയുമില്ല: കൊവിഡ് കാലത്ത് നാട്ടിലുള്ള പണി മുഴുവൻ ചെയ്യുന്ന പൊലീസിൻ്റെ ആരോഗ്യം ആര് നോക്കും?

ഏ. കെ. ശ്രീകുമാർ

കോട്ടയം: കൊവിഡ് കാലത്ത് കേരളം രോഗ പ്രതിരോധത്തിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം കടപ്പെട്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്. കാക്കിയും തൊപ്പിയുമണിഞ്ഞ് തെരുവിലിറങ്ങി നാടിന് കരുതലായി കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥരാണ് ഇവർ. പൊലീസുകാർ..! പക്ഷേ, കൊവിഡിന്റെ രണ്ടാം വരവിൽ നട്ടെല്ലൊടിഞ്ഞു നിൽക്കുകയാണ് പൊലീസ്. ആവശ്യത്തിലധികം പണിയും പ്രശ്‌നങ്ങളുമായി നടക്കുന്ന പൊലീസിന് ഇൻഷ്വറൻസ് പരിരക്ഷ പോലും ലഭിച്ചിട്ടില്ലെന്നതാണ് ഏറെ സങ്കടകരം.

പല ഉദ്യോഗസ്ഥരും രോഗിയായ മാതാപിതാക്കളെയും, ഭാര്യയേയും, മക്കളേയും കണ്ടിട്ട് ആഴ്ചകളായി.  മറ്റ് ഡിപ്പാർട്ട്മെൻറുകളിൽ 50% ജീവനക്കാർ ജോലിക്ക് വന്നാൽ മതി എന്ന് പറഞ്ഞപ്പോൾ, പോലീസിൽ അവധിയിലുള്ളവരെ കൂടി വിളിച്ചു വരുത്തി.  പൊരിവെയിലിൽ പണിയെടുത്ത് 5 മിനിറ്റ് വിശ്രമിക്കാൻ ചെല്ലുന്ന പോലീസുകാരന് പലയിടത്തും ഒടിഞ്ഞ കട്ടിലും പേപ്പറുമാണ് ആശ്രയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിൻ്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം സ്വപ്നം മാത്രമായി അവശേഷിക്കുന്നു.

നാട് മുഴുവനുള്ള ക്രമസമാധാനം പാലിക്കണം, ഇത് കൂടാതെ കൊവിഡ് ലോക്ക് ഡൗൺ ലംഘിക്കുന്നവരെ കണ്ടെത്തണം, ക്വാറന്റയിനിൽ ആളുകൾ ഇരിക്കുന്നുണ്ടെന്നുറപ്പാക്കണം, ഇത് കൂടാതെയാണ് ഇപ്പോൾ റോഡുകളിൽ പിക്കറ്റിംങ് കൂടി ഏർപ്പെടുത്തേണ്ടി വരുന്നത്. പല പോലീസുകാരും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്.

ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്ക് കൊവിഡ് രോഗിയേത്, രോഗമില്ലാത്തവർ ഏതെന്നു തിരിച്ചറിയാനുള്ള സംവിധാനങ്ങളെല്ലാമുണ്ട്. ഇത് കൂടാതെ പി.പി.ഇ കിറ്റും മറ്റു സുരക്ഷാ ഉപകരണങ്ങളും ധരിച്ചാണ് ഇവർ ജോലി ചെയ്യാനായി നിൽക്കുന്നതും. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർക്ക് ആകെയുള്ളത് മാസ്‌കിന്റെയും ഗ്ലൗസിന്റെയും മാത്രം സുരക്ഷയാണ്. കൂടിവന്നാൽ ചില പൊലീസുകാർക്കെങ്കിലും ഫെയ്‌സ് ഫീൽഡ് കാണും. ഇതൊന്നുമില്ലാതെയാണ് പല പൊലീസ് ഉദ്യോഗസ്ഥർക്കും ഡ്യൂട്ടി ചെയ്യേണ്ടി വരിക.

ക്രിമിനലുകളെയും ഗുണ്ടകളെയും മോഷ്ടാക്കളെയും പിടികൂടാൻ പോകുമ്പോൾ ഇവരോട് കൊവിഡുണ്ടോ എന്നു ചോദിക്കുക പ്രായോഗികമായ കാര്യമല്ല. കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ പ്രതികളിൽ ഒരാൾക്ക് കൊവിഡുണ്ടായിരുന്നു. കറുകച്ചാലിൽ അപകടത്തിൽ പെട്ട് മരിച്ച യുവാവിനും കോവിഡ് ഉണ്ടായിരുന്നു. ഇതേ തുടർന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാറന്റയിനിൽ പോകേണ്ടി വന്നു. ഇത്തരത്തിൽ ക്വാറന്റയിനിൽ പോകേണ്ടി വരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഇനി രോഗം വന്നാൽ പോലും യാതൊരു വിധ ഇൻഷ്വറൻസ് പരിരക്ഷയുമില്ലെന്നതാണ് വേദനിപ്പിക്കുന്നത്. ഉണ്ടായിരുന്ന ആനുകൂല്യം കൂടി സർക്കാർ വെട്ടിക്കുറച്ചു.

ഇത് കൂടാതെയാണ് സഹപ്രവർത്തകരിൽ ആർക്കെങ്കിലും കൊവിഡ് ബാധിച്ചാൽ, ഇയാളെ മാത്രം മാറ്റി നിർത്തി മറ്റുള്ള എല്ലാവരെയും ജോലിയ്ക്കു വിളിക്കുന്നത്. പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയുടെ കാര്യത്തിൽ അടക്കം പുറത്തു പറയുന്ന നിയന്ത്രണങ്ങൾ ഒന്നും ഫലപ്രദമായി നടക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കാഞ്ഞിരപ്പള്ളിയും, കറുകച്ചാലും ഉദാഹരണം മാത്രം.

സാധാരണക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ നോക്കാൻ മുന്നിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ സ്വന്തം സുരക്ഷ നോക്കാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിൽ..! ആര് ആരോട് പറയാൻ?