പട്ടാളക്കാരനായിരുന്ന മകന്റെ മയ്യത്ത് തിരഞ്ഞ് തൂമ്പയുമായി പിതാവ് അലയാന്‍ തുടങ്ങിയിട്ട് എട്ട് മാസം;മകന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ച ശേഷം മാന്യമായി ഖബര്‍ ഒരുക്കണമെന്ന അന്ത്യാഭിലാഷവുമായി വയോധികനായ പിതാവ്

പട്ടാളക്കാരനായിരുന്ന മകന്റെ മയ്യത്ത് തിരഞ്ഞ് തൂമ്പയുമായി പിതാവ് അലയാന്‍ തുടങ്ങിയിട്ട് എട്ട് മാസം;മകന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ച ശേഷം മാന്യമായി ഖബര്‍ ഒരുക്കണമെന്ന അന്ത്യാഭിലാഷവുമായി വയോധികനായ പിതാവ്

സ്വന്തം ലേഖകന്‍

ശ്രീനഗര്‍: കശ്മിര്‍ താഴ്വരയില്‍ ഒരു പിതാവ് കഴിഞ്ഞ എട്ടുമാസമായി തട്ടിക്കൊണ്ടുപോയ മകന്റെ മയ്യിത്ത് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. 56 കാരനായ മന്‍സൂര്‍ അഹമ്മദ് വാഗ്വേ ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച തന്റെ പ്രയത്നം ഇന്നും തുടരുകയാണ്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ പട്ടാളക്കാരനായിരുന്ന മകന്‍ ഷാഖിര്‍ മന്‍സൂറിനെ തീവ്രവാദികള്‍ ഓഗസ്റ്റ് രണ്ടിന് തട്ടികൊണ്ടുപോകുകയായിരുന്നു.
അന്നു മുതല്‍ പിതാവ് മന്‍സൂര്‍ അഹമ്മദ് രാവിലെ തൂമ്ബയുമായി ഒരു ദിവസംപോലും വിശ്രമിക്കാതെ ഇറങ്ങുന്നുണ്ട് മകന്റെ മയ്യിത്ത് തെരയാന്‍. മകന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ മാന്യമായ ഒരു അന്ത്യവിശ്രമം ഉറപ്പാക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം. മകന്റെ രക്തക്കറപുരണ്ട വസ്ത്രങ്ങള്‍ കണ്ടുകിട്ടിയ സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് ഹതഭാഗ്യനായ ഈ പിതാവ് ദിവസവും മുടങ്ങാതെ മണ്ണ് മാറ്റി പരിശോധന നടത്തുന്നത്.

25 വയസ്സുള്ള ഷാഖിറും കുടുംബവും അവസാനമായി കാണാന്‍ എത്തിയത് കഴിഞ്ഞ ചെറിയപെരുന്നാളിന് ഭക്ഷണത്തിനായിരുന്നുവെന്ന് മന്‍സൂര്‍ അഹമ്മദ് ഓര്‍ത്തെടുത്തു. കഷ്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് അവര്‍ മടങ്ങി. ഫോണില്‍ വിളിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നെന്ന് പിന്നീട് അറിയിച്ചു. ആര്‍മിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഈ വിവരം പറയരുതെന്നും ആവശ്യപ്പെട്ടു. ഫോണ്‍ വിളിക്കുമ്പോള്‍ അവന്‍ അവരുടെ പിടിയിലായിട്ടുണ്ടാവുമെന്നും അവരായിരിക്കണം അവനെക്കൊണ്ട് അവസാനമായി വിളിപ്പിച്ചതെന്നും ഇദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറ്റേന്ന് ശാഖിര്‍ ഉപയോഗിച്ചിരുന്ന വാഹനം പൂര്‍ണമായും കത്തിയ നിലയില്‍ കുല്‍ഗാമില്‍ കണ്ടെത്തി. ഒരാഴ്ചക്ക് ശേഷമായിരുന്നു വീട്ടില്‍നിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള ലദൂരയില്‍ അവന്റെ രക്തത്തില്‍ കുതിര്‍ന്ന വസ്ത്രങ്ങള്‍ കണ്ടത്.

ഗ്രാമത്തിലുള്ള എല്ലാവര്‍ക്കും അവനെ ജീവനായിരുന്നു. അതുകൊണ്ടാണല്ലോ എന്നും അവര്‍ തനിക്കൊപ്പം മണ്ണു മാന്തിയുള്ള അവസാനിക്കാത്ത തിരച്ചിലിനായി കൈക്കോട്ടും തൂമ്പയുമായി വരുന്നത്. നാലു തീവ്രവാദികളാണ് അവനെ തട്ടികൊണ്ടുപോയതെന്നും അവരെല്ലാം പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നും മന്‍സൂര്‍ അഹമ്മദ് വാഗ്വേ പറയുന്നു.