2022ല്‍ ഇന്ത്യയില്‍ 5ജി എത്തും; ആദ്യം സേവനം ലഭിക്കുക ഈ 13 നഗരങ്ങളില്‍

2022ല്‍ ഇന്ത്യയില്‍ 5ജി എത്തും; ആദ്യം സേവനം ലഭിക്കുക ഈ 13 നഗരങ്ങളില്‍

സ്വന്തം ലേഖിക

ന്യൂഡെൽഹി: രാജ്യത്ത് 2022ല്‍ 5ജി ഇന്റര്‍നെറ്റ് സേവനങ്ങൾ ആരംഭിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് പ്രഖ്യാപിച്ചു.

അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നീ 13 നഗരങ്ങളിലാകും തുടക്കത്തില്‍ 5ജി സേവനങ്ങള്‍ ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിയോ, എയര്‍ടെല്‍, വി തുടങ്ങിയ ഇന്ത്യയിലെ മൂന്ന് മുന്‍നിര ടെലികോം ഓപ്പറേറ്റര്‍മാരും ഈ നഗരങ്ങളില്‍ ട്രയല്‍ സൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഏത് ടെലികോം ഓപ്പറേറ്ററായിരിക്കും ഇന്ത്യയില്‍ ആദ്യം 5ജി സേവനങ്ങള്‍ ആരംഭിക്കുകയെന്നത് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് എട്ട് ഏജന്‍സികളുമായി സഹകരിച്ച്‌ 2018ല്‍ ആരംഭിച്ച തദ്ദേശീയ 5G ടെസ്റ്റ് ബെഡ് പ്രോജക്റ്റ് 2021 ഡിസംബര്‍ 31ന് പൂര്‍ത്തിയാകുമെന്നാണ് വിവരം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ, ഐഐടി ഡല്‍ഹി, ഐഐടി ഹൈദരാബാദ്, ഐഐടി മദ്രാസ്, ഐഐടി കാണ്‍പൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂര്‍, സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് & റിസര്‍ച്ച്‌, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ വയര്‍ലെസ് ടെക്‌നോളജി എന്നിവയാണ് 5ജി സാങ്കേതിക വിദ്യയ്ക്കായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍.

ഇത് 5ജി ഉപകരണങ്ങളുടെയും നെറ്റ്‌വര്‍ക്ക് ഉപകരണങ്ങളുടെയും എന്‍ഡ്-ടു-എന്‍ഡ് ടെസ്റ്റിംഗിന് വഴിയൊരുക്കും.

തദ്ദേശീയ സ്റ്റാര്‍ട്ടപ്പുകള്‍, എസ്‌എംഇകള്‍, അക്കാദമിക്, വ്യവസായം എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും” ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് വ്യക്തമാക്കി.

2021 സെപ്റ്റംബറില്‍, 5ജിയ്ക്കായി സ്പെക്‌ട്രം ലേലം ചെയ്യുന്നതിനുള്ള ശുപാര്‍ശകള്‍ തേടി ട്രായിക്ക് ഒരു റഫറന്‍സ് അയച്ചിരുന്നെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് അറിയിച്ചു.