നിറഞ്ഞ മനസോടെ ഓട്ടോറിക്ഷ തൊഴിലാളികൾ ആ മൊബൈൽഷോപ്പ് ഉദ്ഘാടനം ചെയ്തു

നിറഞ്ഞ മനസോടെ ഓട്ടോറിക്ഷ തൊഴിലാളികൾ ആ മൊബൈൽഷോപ്പ് ഉദ്ഘാടനം ചെയ്തു

സ്വന്തംലേഖകൻ

കോട്ടയം : കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ എതിർവശത്തായി ഞായറാഴ്ച ആരംഭിച്ച സാം ടെൽ ഇ-വേൾഡ് എന്ന മൊബൈൽ സെയിൽസ് ആൻഡ് സർവീസിങ് ഷോപ്പ് ഉത്ഘാടനം ചെയ്തത് സിനിമാ, സീരിയൽ, രാഷ്ട്രീയ, മേഖലകളിലെ പ്രമുഖ വ്യക്തികൾ ആരും അല്ല.
യൂണിവേഴ്‌സിറ്റിയുടെ മുൻവശത്ത് വർഷങ്ങളായി വാഹനം ഓടിച്ചു ഉപജീവന മാർഗ്ഗം നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്.
ഏറ്റുമാനൂർ വേദഗിരി സ്വദേശിയായ സൈലേഷ് വി.പിയുടെ മൂന്നാമത്തെ മൊബൈൽ ഷോപ്പാണിത്. ഉദ്ഘാടകരെ തിരഞ്ഞെടുത്തതിന് കാരണമായി സൈലേഷ് പറഞ്ഞത് ഇതാണ് “എന്റെ സ്ഥാപനം സാധാരണക്കാർക്കുവേണ്ടി ഉള്ളതാണ്, അതുകൊണ്ടുതന്നെ ഇത് ഉദ്ഘാടനം ചെയ്യാൻ ഏറ്റവും അനുയോജ്യർ സാധാരണക്കാരുടെ വാഹനം ഓടിക്കുന്ന ഓട്ടോ ചേട്ടന്മാരാണ്.”
“ജീവിതത്തിൽ ആദ്യമായിട്ടാണിങ്ങനൊരു മഹത് കൃത്യം ചെയ്യുന്നത്, ഇതിനായി ഞങ്ങളെ തിരഞ്ഞെടുത്തതിന് ഏറെ നന്ദിയുണ്ട്.” സന്തോഷം നിറഞ്ഞു തുളുമ്പിയ മുഖത്താൽ ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.
വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകളുടെ റിപ്പയറിംഗിൽ അതിവിദഗ്ദനായ സൈലേഷ്, ലണ്ടനിലെ ബ്ലാക്ക്ബെറി ഫോൺ കമ്പനിയിലും ഇന്ത്യയിൽ മോട്ടറോള കമ്പനിയിലും സർവ്വീസ് എഞ്ചിനിയറായി ജോലി ചെയ്ത വ്യക്തിയാണ്. കഴിഞ്ഞ പതിനെട്ട് വർഷമായി മൊബൈൽ ഫോൺ സർവ്വീസ് രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും പ്രമുഖ കമ്പനികളായ ഐഫോൺ, മോട്ടറോള, വിവോ, ഓപ്പോ,സാംസങ്, റെഡ് മീ, നോക്കിയ, ലെനോവോ എന്നിവയുടെ സെയിൽസ്സ് & സർവ്വീസിങ്ങ് ചെയ്തു കൊണ്ടിരിക്കുന്നു.
കോട്ടയം കഞ്ഞിക്കുഴി, വേദഗിരി എന്നിവടങ്ങളിലാണ് ആദ്യ രണ്ടു സ്ഥാപനങ്ങൾ. ഇപ്കായ് എന്ന സംഘടനയുമായി ചേർന്ന് സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സൈലേഷ് കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് നിരവധി ആളുകൾക്ക് രക്ഷകനായി മാറിയിട്ടുള്ള വ്യക്തിയാണ്. കൂടാതെ ഇപ്കായ് യുടെ 2018ലെ ബെസ്റ്റ് സോഷ്യൽ വർക്കർക്കുള്ള സ്റ്റേറ്റ് അവാർഡും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. തന്റെ ഏതു പ്രവർത്തനത്തിലും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ ഉയർത്തണം എന്ന ആഗ്രഹമാണ് ഇത്തരം ഒരു ആശയത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.