play-sharp-fill
ഇലന്തൂർ ഇരട്ടനരബലി; ഷാഫിയെ റോസിലിന്‍റെയും പത്മയുടേയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് തുടരും

ഇലന്തൂർ ഇരട്ടനരബലി; ഷാഫിയെ റോസിലിന്‍റെയും പത്മയുടേയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് തുടരും

കൊച്ചി: ഇലന്തൂർ ഇരട്ടനരബലി കേസിൽ പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചാകും തെളിവെടുപ്പ് നടത്തുക. കൊലപാതകത്തിന് ശേഷം ഇയാൾ റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച സ്ഥാപനമാണിത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവൽ സിംഗ് ഇലന്തൂരിലെ കടയിൽ നിന്ന് വാങ്ങി എന്നാണ് മൊഴി. ഈ കടയിലും ഇന്ന് ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

36 ഗ്രാമോളം സ്വർണം ഷാഫി ഗാന്ധിനഗറിലുള്ള ഇയാളുടെ വാടകവീടിനോട് ചേർന്ന ധനകാര്യ സ്ഥാപനത്തിലാണ് പണയം വെച്ചത്. സ്വർണം പണയംവച്ചതിൽ നിന്ന് 40,000 രൂപ ഷാഫി നൽകിയതായി ഇയാളുടെ ഭാര്യ നബീസ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ സ്ത്രീ തന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സ്വർണം നൽകി സഹായിച്ചെന്ന് പറഞ്ഞാണ് ഷാഫി ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ വാങ്ങിയത്.


രണ്ട് സ്ത്രീകളേയും കൊലപ്പെടുത്താൻ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളിൽ എത്തിച്ച് ഇന്ന് ഭഗവൽ സിങിന്റെ തെളിവെടുപ്പ് നടത്തും. നരബലിയ്ക്കുശേഷം മനുഷ്യമാംസം അറുത്ത് ഫ്രി‍‍‍‍ഡ്ജിൽ സൂക്ഷിച്ചത് വിൽക്കാനായിരുന്നെന്ന് ഇന്നലെ ഭഗവൽ സിംഗും ലൈലയും മൊഴി നൽകി. മനുഷ്യമാംസം വിറ്റാൽ ലക്ഷങ്ങൾ കിട്ടുമെന്ന് താൻ ഇരുവരേയും പറഞ്ഞ് കബളിപ്പിച്ചതായി ഷാഫിയും പൊലീസിനോട് പറഞ്ഞു. റോസ്ലിൻറെയും പദ്മയുടെയും ശരീരഭാഗങ്ങൾ അറുത്തുമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്തിനെന്ന പൊലീസിൻറെ ചോദ്യത്തിനാണ് പ്രതികളുടെ മറുപടി. മനുഷ്യമാസം കഴിക്കുന്നവരുണ്ടെന്നും ഇതുവെച്ച് പൂജ നടത്തുന്ന സിദ്ധൻമാരുമുണ്ടെന്നും ഷാഫി വിശ്വസിപ്പിച്ചു. മനുഷ്യക്കുരുതി നടത്തിയശേഷം ഈ മാസം അറുത്തുവിറ്റാൽ ഇരുപത് ലക്ഷം രൂപവരെ കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നരബലി നടന്ന വീട്ടുവളപ്പിൽ പൊലീസ് എട്ട് മണിക്കൂറോളം പരിശോധിച്ചെങ്കിലും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. വീട്ടുപറമ്പിൽ ഇനിയൊരു മൃതദേഹാവശിഷ്ടം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. നാല്പതടി ആഴത്തിൽ മറവു ചെയ്ത മൃതദേഹങ്ങൾ വരെ കണ്ടെത്താൻ ശേഷിയുള്ള മായ, മർഫി എന്നീ നായകളെ ഉപയോഗിച്ചാണ് പറമ്പിൽ വിശദമായ പരിശോധന നടത്തിയത്.