play-sharp-fill
കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി നവംബര്‍ ആദ്യവാരം തുറന്നു നല്‍കുമെന്ന് തോമസ് ചാഴികാടന്‍ എംപി; ഭിന്നശേഷിക്കാരുടെ സൗകര്യത്തിന് വേണ്ടിയുള്ള ട്രോളി പാത്ത് നവംബര്‍ 15ന്; മണ്ഡലകാലത്തിന് ആതിഥേയമരുളാന്‍ ഒരുങ്ങി കോട്ടയം

കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി നവംബര്‍ ആദ്യവാരം തുറന്നു നല്‍കുമെന്ന് തോമസ് ചാഴികാടന്‍ എംപി; ഭിന്നശേഷിക്കാരുടെ സൗകര്യത്തിന് വേണ്ടിയുള്ള ട്രോളി പാത്ത് നവംബര്‍ 15ന്; മണ്ഡലകാലത്തിന് ആതിഥേയമരുളാന്‍ ഒരുങ്ങി കോട്ടയം

സ്വന്തം ലേഖകന്‍

കോട്ടയം : ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി കോട്ടയം റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി നവംബര്‍ ആദ്യവാരം തുറന്നു നല്‍കുമെന്ന് തോമസ് ചാഴികാടന്‍ എംപി അറിയിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്.

റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുന്‍വശത്തെയും പാര്‍ക്കിംഗ് ഭാഗത്തെയും റോഡുകളുടെ ടാറിങ് ജോലികളും നവംബര്‍ 5 ന് മുന്‍പ് പൂര്‍ത്തിയാക്കും. നാഗമ്പടം ഗുഡ് ഷെഡ് റോഡില്‍ മിറ്റില്‍ വിരിച്ച് സഞ്ചാരിയോഗ്യമാക്കി നവംബര്‍ 10ന് മുന്‍പ് തുറന്നു നല്‍കുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അവലോകനയോഗത്തില്‍ എംപിക്ക് ഉറപ്പു നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബ്ബര്‍ ബോര്‍ഡ് മേല്‍പ്പാലത്തിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായഭാഗം പുനര്‍ നിര്‍മിക്കുന്നതിന് ഡിസൈനുകള്‍ റെയില്‍വേ മേലധികാരികള്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. അനുവാദം ലഭിച്ചാല്‍ ഉടന്‍ ഈ റോഡിന്റെ നിര്‍മ്മാണം ആരംഭിക്കും.

നാഗമ്പടം ഭാഗത്തു നിന്നു ഗുഡ്‌സ് ഷെഡ് റോഡ് വഴി കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റേഷനിലേക്ക് എത്തും വിധമാണ് ഇത്തവണത്തെ ക്രമീകരണം. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ ഒരേസമയം പില്‍ഗ്രിം സെന്ററിനു മുന്നില്‍ നിര്‍ത്തിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ശബരിമല സീസണ്‍ പരിഗണിച്ച് പിന്‍ഗ്രിം സെന്റര്‍ ഒരു മാസത്തെ ടെന്‍ഡര്‍ നല്‍കി ഒക്ടോബര്‍ 22 മുതല്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്. നവംബര്‍ 22 മുതല്‍ മൂന്നു വര്‍ഷത്തെ കരാര്‍ നല്‍കും. മൂന്നുനിലകളിലായുള്ള പില്‍ഗ്രിം സെന്ററില്‍ ഓരോ നിലയിലും പത്ത് കുളി മുറിയും, പത്ത് ശുചിമുറികളുമാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

എല്ലാ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ച് ഭിന്നശേഷിക്കാരുടെ സൗകര്യത്തിന് വേണ്ടിയുള്ള ട്രോളി പാത്ത് നവംബര്‍ 15 നുള്ളില്‍ പൂര്‍ത്തിയാക്കും.

അഞ്ചു നിലയില്‍ വിഭാവനം ചെയ്തിട്ടുള്ള രണ്ടാം കവാടത്തിന്റെ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണന്ന് എംപി അറിയിച്ചു. 5 കോടി രൂപ മുടക്കിയാണ് രണ്ടാം കവാടം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ മൂന്ന് നിലയിലായാണ് നിര്‍മ്മാണമെങ്കിലും ഭാവില്‍ അഞ്ച് നിലവരെ ഉയര്‍ത്താനുള്ള ശേഷി ഈ കെട്ടിടത്തിന്റെ ഫൗണ്ടേഷന് ഉണ്ട്. മൂന്നു നിലകളിലും കൂടി 34800 ചതുരശ്രഅടി വിസ്തീര്‍ണ്ണമുണ്ട്. ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, യാത്രക്കാരുടെ വിശ്രമത്തിനുള്ള സൗകര്യം, കഫക്ടീരിയ, ഓഫീസര്‍മാര്‍ക്കും ലോക്കോ പൈലറ്റ് മാര്‍ക്കും ഉള്ള വിശ്രമമുറി തുടങ്ങിയവ ഈ കെട്ടിടത്തില്‍ ഉണ്ടാകും.

ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനായി നവംബര്‍ 4 ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഡി.ആര്‍.എമ്മിന്റെ സാന്നിധ്യത്തില്‍ വിശദമായ അവലോകനയോഗം വിളിച്ചു ചേര്‍ക്കുമെന്നും തോമസ് ചാഴികാടന്‍ എംപി അറിയിച്ചു.

റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ മാനേജര്‍ വിനയന്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അനില്‍ ജെ.ആര്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ കെ.വി ജോസഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബു സക്കറിയ, ബാബു തോമസ് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട്, മഹേഷ് റെയില്‍വേ സ്റ്റേഷന്‍ അസിസ്റ്റന്റ് സൂപ്രണ്ട് തുടങ്ങിയ ഉദ്യോഗസ്ഥര്‍ തോമസ് ചാഴികാടന്‍ എംപി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ സന്നിഹിതരായിരുന്നു.