ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകൾ അടച്ചു; മൂന്നാമത്തെ ഷട്ടർ 40 സെന്റിമീറ്ററാക്കി ഉയർത്തി
സ്വന്തം ലേഖകൻ
ഇടുക്കി: സംസ്‌ഥാനത്ത് മഴയുടെ ശക്‌തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകൾ അടച്ചു. വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴിക്ക് കുറഞ്ഞു. ഇതോടെയാണ് ഇടുക്കി ഡാമിലെ തുറന്ന മൂന്ന് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചത്. 2, 4 ഷട്ടറുകളാണ് അടച്ചത്.
മൂന്നാമത്തെ ഷട്ടർ 40 സെന്റിമീറ്ററാക്കി ഉയർത്തി. സെക്കൻഡിൽ നാൽപതിനായിരം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. അതേസമയം ചക്രവാത ചുഴിയെ തുടർന്നുള്ള മഴ സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച വരെ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ടാഴ്‌ച സംസ്‌ഥാനത്ത് അധിക മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത ആഴ്‌ച കാസർഗോഡ്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലെ തീരദേശ മേഖല ഒഴികെയുള്ളയിടത്ത് അധിക മഴ ലഭിക്കും. ഒക്‌ടോബർ 28 മുതൽ നവംബർ നാല് വരെ വയനാട് ജില്ലയിലും കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ മലയോര മേഖല ഒഴികെയുള്ള പ്രദേശങ്ങളിലും ഇത്തരത്തിൽ അധിക മഴ ലഭിക്കും.