കനത്ത മഴ : ഇടുക്കിയിൽ എട്ടിടങ്ങളിലായി ഉരുൾപൊട്ടൽ ; ഓഗസ്റ്റ് 15 വരെ വിനോദസഞ്ചാരികൾക്ക് വിലക്ക്
സ്വന്തം ലേഖിക
തൊടുപുഴ: കനത്ത മഴയിൽ ഇടുക്കി ജില്ലയിൽ കനത്ത നാശം. എട്ടിടങ്ങളിലാണ് ഉരുൾപൊട്ടിയത്. മൂന്നാറിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മണ്ണിടിച്ചിൽ ഭീഷണിയേത്തുടർന്ന് മൂന്നാർ – ഉഡുമൽപ്പേട്ട് അന്തർസംസ്ഥാന പാതയിലെ ഗതാഗതം നിലച്ചു. ജില്ലയിൽ ഓഗസ്റ്റ് 15 വരെ വിനോദസഞ്ചാരം വിലക്കിയിട്ടുണ്ട്.
മൂന്നാർ, ദേവികുളം താലൂക്കുകളിൽ ബുധനാഴ്ച രാത്രിമുതൽ കനത്ത മഴയാണ്. മുതിരപ്പുഴയാറിൽ ജലനിരപ്പുയർന്നതിനേത്തുടർന്ന് മൂന്നാറിലേയും പരിസരപ്രദേശങ്ങളിലേയും വീടുകളിൽ വെള്ളം കയറി. കന്നിമലയാറ്റിൽജലനിരപ്പുയർന്നതിനേത്തുടർന്ന് പെരിയപുരയിലെ താൽക്കാലിക പാലം ഒലിച്ചു പോയി. കല്ലാർകുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകൾ തുറന്നു വിട്ടിരിക്കുകയാണ്. ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴയാണ്. മണിമലയാറും മീനച്ചിലാറും പലയിടങ്ങളിലും കരകവിഞ്ഞൊഴുകി. കോട്ടയം കുമിളി റൂട്ടിൽ ബസ് സർവീസ് നിർത്തിവെച്ചു. വാഗമണിൽ ഉരുൾപൊട്ടി.
എറണാകുളം ജില്ലയിലും കനത്ത മഴ പെയ്യുന്നുണ്ട്. പെരിയാറിൽ ജനിരപ്പ് ഉയർന്നതിനേത്തുടർന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിന്റെ മേൽക്കൂര വരെ വെള്ളം കയറി. ചിലയിടങ്ങളിൽ ചുഴലിക്കാറ്റുമുണ്ടായി.