പ്രതീക്ഷ ബൗളര്‍മാരുടെ ‘കൈയില്‍’- ഓസീസിനു മുന്നിൽ 241 റൺസ് ലക്ഷ്യം വച്ച് ഇന്ത്യ
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പ്രതിരോധിക്കേണ്ടത് 241 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240 റണ്‍സെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു.
പത്ത് കളികളിലും ആധികാരികമായി കളിച്ച ഇന്ത്യയെ മെരുക്കാന്‍ കൃത്യമായ പദ്ധതിയുണ്ടായിരുന്നു ഓസീസിനു. അവരുടെ ബൗളര്‍മാര്‍ അതു പിഴവില്ലാതെ തന്നെ നടപ്പാക്കി. ഇനി ഊഴം അവരുടെ ബാറ്റര്‍മാര്‍ക്കാണ്. ഇന്ത്യ ഷമി ഉള്‍പ്പെടെയുള്ള ബൗളര്‍മാരിലും പ്രതീക്ഷ വെയ്ക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓസീസ് ബൗളര്‍മാരുടെ പന്തുകള്‍ക്ക് മുന്‍പില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പതറുന്ന കാഴ്ചയായിരുന്നു നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. പതിവു പോലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ തന്നെ നിര്‍ത്തി. ഇന്ത്യക്കായി കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രാഹുലാണ് ടോപ് സ്‌കോറര്‍.
രാഹുല്‍ 66 റണ്‍സെടുത്തു. 107 പന്തുകള്‍ പ്രതിരോധിച്ചാണ് താരം ഇത്രയും റണ്‍സിലെത്തിയത്. കോഹ്‌ലി 63 പന്തുകള്‍ നേരിട്ട് 54 റണ്‍സെടുത്തു. താരം നാല് ബൗണ്ടറികള്‍ നേടി.
രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് മുന്‍പ് വീണ്ടും മടങ്ങി. ഇത്തവണയും മിന്നല്‍ തുടക്കം നല്‍കിയാണ് നായകന്‍ മടങ്ങിയത്. രോഹിത് നാല് ഫോറും മൂന്ന് സിക്‌സും സഹിതം 31 പന്തില്‍ 47 റണ്‍സെടുത്തു. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ഉജ്ജ്വല ക്യാച്ചെടുത്ത് ട്രാവിസ് ഹെഡ്ഡാണ് രോഹിതിനെ അവിശ്വസനീയമാം വിധം മടക്കിയത്.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. സ്‌കോര്‍ 30ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റായി ഗില്‍ പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഏഴ് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്.
ശ്രേയസ് അയ്യരെ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. താരം മൂന്ന് പന്തില്‍ നാല് റണ്‍സുമായി മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനു പിടി നല്‍കിയാണ് ശ്രേയസിന്റെ മടക്കം.
29ാം ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡായി. കെഎല്‍ രാഹുലുമൊത്തു മികച്ച കൂട്ടുകെട്ടുയര്‍ത്തി പൊരുതവെയാണ് കമ്മിന്‍സ് ഇന്ത്യയെ ഞെട്ടിച്ചത്.
രവീന്ദ്ര ജഡേജയെ മടക്കി ജോഷ് ഹെയ്‌സല്‍വുഡ് ഇന്ത്യയുടെ അഞ്ചാം വിക്കറ്റ് സ്വന്തമാക്കിയിരുന്നു. കോഹ്‌ലി പുറത്തായിട്ടും ജഡേജയെ കൂട്ടുപിടിച്ച് രാഹുല്‍ പോരാട്ടം ഓസീസ് ക്യാമ്പിലേക്ക് നയിക്കുന്നതിനിടെയാണ് ജഡേജയുടെ വീഴ്ച. ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനു ക്യാച്ച് നല്‍കിയാണ് ജഡേജയുടെ മടക്കം. താരം 9 റണ്‍സെടുത്തു.
200 കടന്നതിനു പിന്നാലെ രാഹുലിനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളി. തൊട്ടു പിന്നാലെ എത്തിയ മുഹമ്മദ് ഷമിയേയും സ്റ്റാര്‍ക്ക് തന്നെ പുറത്താക്കിയാണ് ഇന്ത്യയെ വരിഞ്ഞു മുറുക്കിയത്. നിര്‍ണായക അര്‍ധ സെഞ്ച്വറിയുമായി കെഎല്‍ രാഹുല്‍ ക്രീസില്‍ തുടരുന്നതിനിടെയാണ് താരത്തിന്റെ പ്രതിരോധം തകര്‍ത്ത് സ്റ്റാര്‍ക്ക് വിക്കറ്റ് വീഴ്ത്തിയത്.
പിന്നെ സാംപയുടെ ഊഴം. ബുമ്രയെ മടക്കി വീണ്ടും പ്രഹരം. ബുമ്ര ഒറ്റ റണ്ണില്‍ പുറത്ത്. ഒടുവിലത്തെ പ്രതീക്ഷയായിരുന്നു സൂര്യ കുമാര്‍ യാദവിനു നിര്‍ണായക അവസരം മുതലാക്കാനായില്ല. 28 പന്തില്‍ 18 റണ്‍സുമായി താരം മടങ്ങി. വിക്കറ്റ് ഹെയ്‌സല്‍വുഡിന്.
കളിയുടെ അവസാന പന്തില്‍ രണ്ടാം റണ്ണിനോടിയ കുല്‍ദീപിനെ റണ്ണൗട്ടാക്കി ഓസീസ് ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശ്ശീലയിട്ടു. താരം 10 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ മുഹമ്മദ് സിറാജ് 9 റണ്‍സുമായി പുറത്താകാതെ നിന്നു.