ടിവി കണ്ടുകൊണ്ടിരിക്കേ പെട്ടെന്ന് കറൻ്റ് പോയി ; മെയിൻ സ്വിച്ചിന് അടുത്തെത്തിയപ്പോൾ മോഷ്ടാവിന്റെ മർദ്ദനവും ; മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച് കള്ളൻ
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം കുന്നിക്കോട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയാണ് അക്രമണത്തിന് ഇരയായത്. അനിതയുടെ നിലവിളി കേട്ട് ഭർത്താവ് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ അനിത വീട്ടുകാർക്കൊപ്പം ടെലിവിഷൻ പരിപാടി കാണുമ്പോഴാണ് സംഭവം.
ടിവി കണ്ടുകൊണ്ടിരിക്കേ പെട്ടെന്ന് വീട്ടിൽ കറൻ്റ് പോയി. എന്നാൽ വീടിന് സമീപത്തെ തെരുവുവിളക്ക് അണഞ്ഞില്ല. അയൽവീട്ടിലും വെളിച്ചമുണ്ടായിരുന്നു. ഫ്യൂസ് പോയതാകാം എന്ന് കരുതി അനിത മെയിൽ സ്വിച്ചിന് അടുത്തെത്തി. തുടർന്നാണ് മെയിൻ സ്വിച്ചിന് സമീപം പതുങ്ങിയിരുന്ന മോഷ്ടാവ് തടികക്ഷണം കൊണ്ട് അനിതയുടെ തലയ്ക്ക് അടിച്ചത്. വേദനയിലും ഭയപ്പാടിലും അനിത നിലവിളിച്ചതോടെ ഭർത്താവ് ഓടി എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷ്ടാവ് ആദ്യം ഭർത്താവിനെയും ആക്രമിക്കാൻ ശ്രമിച്ചു..പിന്നാലെ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് അയൽവാസികൾ എത്തിയാണ് അനിതയെ അശുപത്രിയിലേക്ക് മാറ്റിയത്.പിന്നാലെ കുന്നിക്കോട് പൊലീസിനെ വിവരം അറിയിച്ചു. ഇരുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്നയാളാണ് മോഷ്ടാവ്. വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.