മസ്റ്ററിംഗ് നടത്തിയോ ഇല്ലെങ്കിൽ എട്ടിന്റെ പണികിട്ടും ; റേഷന്‍ കാര്‍ഡുകളിലെ പേരുകളില്‍ ഈ മാറ്റം വരുത്തണം, വൈകിയാല്‍ പിഴ ഈടാക്കാൻ നിർദ്ദേശം
സ്വന്തം ലേഖകൻ
കോഴിക്കോട്: മഞ്ഞ, പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരിച്ചവരുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജില്ല സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദ്ദേശം. കേരളത്തിന് പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും.
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ജില്ലയില്‍ മഞ്ഞ, പിങ്ക്, കാര്‍ഡുകളിലായി 13,70,046 പേരുണ്ട്. ഇതില്‍ 83 ശതമാനമാണ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. ബാക്കി 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. മരിച്ചവരുടെ പേരുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങള്‍ എന്‍.ആര്‍.കെ പട്ടികയിലേയ്ക്ക് മാറ്റാനാവും.എന്‍.ആര്‍.കെ പട്ടികയിലേയ്ക്ക് മാറ്റാന്‍ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി. മസ്റ്ററിംഗ് നടത്തിയവര്‍ക്കാണ് ഭാവിയില്‍ ഭക്ഷ്യധാന്യം ലഭിക്കുക. ജീവിച്ചിരിക്കുന്നവരുടെ വിഹിതം മസ്റ്ററിംഗ് ചെയ്യാത്തതിന്റെ പേരില്‍ നഷ്ടമാകാതിരിക്കാന്‍ കൂടിയാണ് മരിച്ചവരുടെത് നീക്കാന്‍ നടപടിയെടുക്കുന്നത്. അതിനുശേഷം മസ്റ്ററിംഗില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരെ കണ്ടെത്താനാണ് ശ്രമം.
നിലവില്‍ നീല കാര്‍ഡിലെ അംഗങ്ങള്‍ക്ക് മസ്റ്ററിംഗിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെങ്കിലും ആ വിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിര്‍ബന്ധമായും നീക്കും. പിങ്ക്, നീല കാര്‍ഡുകള്‍ക്ക് ആളെണ്ണം നോക്കി വിഹിതം നല്‍കുന്നതിനാലാണിത്. മഞ്ഞ, വെള്ള കാര്‍ഡുകള്‍ക്ക് ആളെണ്ണം നോക്കിയല്ല ഭക്ഷ്യധാന്യം. അതിനാല്‍ ആരെങ്കിലും മരിച്ചാലും വിഹിതത്തില്‍ മാറ്റമുണ്ടാവില്ല.