മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും കുടുംബത്തെയും ആക്രമിച്ചു; ആറ് പേർ അറസ്റ്റിൽ; പിടിയിലായത് വാഴൂർ സ്വദേശികൾ
സ്വന്തം ലേഖിക
കോട്ടയം: പള്ളിക്കത്തോട് വീട് കയറി ആക്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
വാഴൂർ പനച്ചിക്കമുകൾ ഭാഗത്ത് വാഴയിൽ വീട്ടിൽ ജയൻ മകൻ അനീഷ് കുമാർ(40), ചാമംപതാൽ രണ്ടാം മൈൽ ഭാഗത്ത് കളത്തിൽപുത്തൻപുരയിൽ വീട്ടിൽ സുരേഷ് മകൻ ജയകൃഷ്ണൻ (24), വാഴൂർ പുതുപള്ളികുന്നേൽ വീട്ടിൽ പ്രസന്നൻ മകൻ അഖിൽ പി.പി (27), വാഴൂർ അരീക്കൽ വീട്ടിൽ അനിയൻ മകൻ അനന്തു (25), വാഴൂർ വെള്ളറയിൽ വീട്ടിൽ സജീവ് മകൻ അശ്വിൻ വി.എസ് (21), വാഴൂർ പനപ്പുഴ ഭാഗത്ത് ആനന്ദഭവൻ വീട്ടിൽ സജി മകൻ അജയ് എസ്.കുമാർ (25) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി വാഴൂർ കൊച്ചു കാഞ്ഞിരപ്പാറ ഭാഗത്ത് താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും, മാതാപിതാക്കളെയും ആക്രമിക്കുകയും, വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയുമായിരുന്നു.
പ്രതികളിൽ ഒരാളായ അനീഷ് കുമാറും യുവാവും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അനീഷ് കുമാറും സുഹൃത്തുക്കളും ചേർന്ന് യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും കുടുംബത്തെയും ആക്രമിച്ചത്.
പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അനീഷ് കുമാറിന് പൊൻകുന്നം, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്.
പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ റെജി ജോൺ,സി.പി.ഓ മാരായ വിനോദ്, സുഭാഷ്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.