മസാല ദോശ ചോദിച്ചു ;ഓർഡർ നൽകിയ യുവതിയ്ക്ക് കിട്ടിയത് എട്ടുകാലി ദോശ ;പരിശോധന നടത്തി ഹോട്ടൽ അടച്ചിടുന്നതിന് നിർദേശം നൽകി നഗരസഭ

മസാല ദോശ ചോദിച്ചു ;ഓർഡർ നൽകിയ യുവതിയ്ക്ക് കിട്ടിയത് എട്ടുകാലി ദോശ ;പരിശോധന നടത്തി ഹോട്ടൽ അടച്ചിടുന്നതിന് നിർദേശം നൽകി നഗരസഭ

സ്വന്തം ലേഖകൻ

കുന്നംകുളം : കുന്നംകുളം ടൗണിൽ ഗുരുവായൂർ റോഡിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുവാനെത്തിയ യുവതി ഓർഡർ നൽകിയത് മസാലദോശക്ക്. ലഭിച്ച മസാല ദോശ ആസ്വദിച്ച് കഴിക്കുന്നിതിടെ മസ്സാലക്കൊപ്പം ചത്ത എട്ടുകാലിയെ കണ്ട യുവതി വെയിറ്ററിനെ വിളിച്ച് കഴിച്ച്കൊണ്ടിരുന്ന ഭക്ഷണത്തിന്റെ അപാകത ബോധ്യപ്പെടുത്തി.

ഉടൻ തന്നെ വെയിറ്റർ ഭക്ഷണ പ്ലെയിറ്റ് എടുത്ത് അടുക്കളയിലേക്ക് പോകുകയും ഭക്ഷണം വെയ്സ്റ്റ് ബിന്നിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. ഒട്ടും താമസിക്കാതെ കുന്നംകുളം മരത്തംകോട് സ്വദേശിനിയായ യുവതി നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഉദ്യോഗസ്ഥരെ ഫോണിൽ വിവരങ്ങൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തെത്തിയ നഗരസഭ ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി.പി.ജോൺ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.എസ.ഷീബ, പി.പി.വിഷ്ണു എന്നിവർ പരാതിക്കാരിയുമായി സംസാരിക്കുകയും സ്ഥാപനം പരിശോധിക്കുകയും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ആഹാരം പാകം ചെയ്യുന്നതെന്നും ബോധ്യപ്പെട്ടതിനാൽ ഹോട്ടൽ അടച്ചിടുന്നതിന് നിർദേശം നൽകി.

ഹോട്ടൽ പരിശോധനയിൽ കണ്ടെത്തിയ ന്യുനതകൾ പരിഹരിക്കുവാൻ ആവശ്യപ്പെട്ട് കേരള മുനിസിപ്പൽ ആക്ട്ട് പ്രകാരം നോട്ടീസും നൽകി. കണ്ടെത്തിയ ന്യുനതകൾ പരിഹരിച്ച് രേഖാമൂലം നഗരസഭ ഓഫീസിൽ അറിയിക്കുന്നതിനും ആയതിനുശേഷം ആരോഗ്യ വിഭാഗം പരിശോധന നടത്തി നോട്ടീസിൽ സൂചിപ്പിച്ചിട്ടുള്ള ന്യുനതകൾ പരിഹരിച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു എന്ന് ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി.പി.ജോൺ അറിയിച്ചു.

കുന്നംകുളം ടൗണിൽ ഗുരുവായൂർ റോഡിൽ പ്രവർത്തിക്കുന്ന ഭാരത് ഹോട്ടലിനെതിരെയാണ് നടപടിയുണ്ടായത്. ഇട്ടിമാണി ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഇതേ മാനേജ്മെന്റിന്റെ ക്യാന്റീനിലും പരിശോധനകൾ നടത്തി ന്യുനതകൾ പരിഹരിക്കുന്നതിനായി നോട്ടീസ് നൽകിയിട്ടുണ്ട്. ഒരാഴ്ച മുൻപ് പട്ടാമ്പി റോഡിൽ പ്രവർത്തിച്ചിരുന്ന റെസ്റ്റോറന്റിനെതിരെയും നഗരസഭാ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിരുന്നു.

നഗരത്തിലെ ഭക്ഷണ ശാലകൾ സംബന്ധിച്ചുള്ള പരാതികൾ 7012965760 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശമായി അയക്കാവുന്നതാണെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.