അനധികൃതമായി കോട്ടയം നഗരം വളച്ചു കെട്ടിയെടുത്ത ടി.ജി ടവറിനെ തൊടാതെ കോട്ടയം നഗരസഭ; പൊളിച്ചു കളയണമെന്നു നിർദേശിച്ച കെട്ടിടത്തിനു സംരക്ഷണം ഒരുക്കുന്നത് നഗരസഭയിലെ വമ്പൻമാർ

അനധികൃതമായി കോട്ടയം നഗരം വളച്ചു കെട്ടിയെടുത്ത ടി.ജി ടവറിനെ തൊടാതെ കോട്ടയം നഗരസഭ; പൊളിച്ചു കളയണമെന്നു നിർദേശിച്ച കെട്ടിടത്തിനു സംരക്ഷണം ഒരുക്കുന്നത് നഗരസഭയിലെ വമ്പൻമാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: അനധികൃതമായി കോട്ടയം നഗരസഭാ വക സ്ഥലം കൈയ്യേറി  കെട്ടിയെടുത്ത ടി.ജി ടവറിൻ്റെ അനധികൃത നിർമ്മാണം പൊളിച്ചു കളയാൻ നഗരസഭയ്ക്കു ഭയം. നഗരസഭ അധികൃതരുടെ മൂക്കിനു താഴെയാണ് അനധികൃതമായി കെട്ടിടം കെട്ടിപ്പൊക്കിയിരിക്കുന്നത്. മാർക്കറ്റിനുള്ളിലേയ്ക്കു കയറുന്ന ചള്ളിയിൽ റോഡിന്റെ ഒരു വശം ടി.ജി ടവറും, മറുവശം വൃന്ദാവൻ കോംപ്ലക്‌സുമാണ് കയ്യേറിയിരിക്കുന്നത്.

ടി.ജി ടവറിന്റെ റോഡിലേയ്ക്കുള്ള ഫുട്പാത്തും, രണ്ടാം നിലയുടെ മുകളിൽ നിർമ്മിച്ച ബാത്ത്‌റൂമും, റൂഫിംങും പൊളിച്ചു കളയണമെന്നാണ് നഗരസഭ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, അനധികൃതമായി നിർമ്മിച്ച നിർമ്മാണ പ്രവർത്തനങ്ങൾ റഗുലറൈസ് ചെയ്യാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് കെട്ടിടം ഉടമ നഗരസഭയെ സമീപിച്ചിരുന്നു. എന്നാൽ, ഇതിന് ഇതുവരെയും കോട്ടയം നഗരസഭ അംഗീകാരം നൽകിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരമധ്യത്തിൽ നഗരസഭയുടെ മൂക്കിൻ തുമ്പിലാണ് ഇത്തരത്തിൽ കോടികൾ വിലയുള്ള അനധികൃത നിർമ്മാണം നടക്കുന്നത്. തേർഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലിനെ തുടർന്നു കെട്ടിട ഭാഗങ്ങൾ പൊളിച്ചു കളയാൻ നഗരസഭ തന്നെ ഉത്തരവിട്ടെങ്കിലും നഗരസഭയുടെ ഉത്തരവിനെ തകർത്തു തരിപ്പണമാക്കുന്ന നിലപാടാണ് ഇപ്പോൾ നഗരസഭ അധികൃതർ തന്നെ സ്വീകരിച്ചിരിക്കുന്നത്.

സ്വന്തം സ്ഥലം തന്നെ അനധികൃതമായി കയ്യേറിയപ്പോഴാണ് നഗരസഭയുടെ ഈ നിസംഗഭാവം. നഗരത്തിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റിലേയ്ക്കുള്ള റോഡാണ് മാഫിയ സംഘത്തിന്റെ കയ്യേറ്റത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. കൃത്യമായി ഇതെല്ലാം കാണുകയും, വിലയിരുത്തുകയും ചെയ്ത ശേഷമാണ് കോട്ടയം നഗരസഭ കെട്ടിടം പൊളിക്കുന്നതിൽ നിന്നും പിന്നോക്കം പോയത്.

കോട്ടയം നഗരസഭയിലെ ഉന്നതന് കെട്ടിടം പൊളിക്കുന്നത് തടയുന്നതിനായി കൈക്കൂലി നൽകിതായാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കെട്ടിടത്തിലെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ യാതൊരു നടപടിയും നഗരസഭ സ്വീകരിക്കാത്തത്.