ലൈംഗിക ചൂഷണം പതിവ്, വൈകി വന്നാല്‍ രണ്ട് മണിക്കൂറോളം കൈ പൊക്കി നിര്‍ത്തും: കടുത്ത വേദനയിലും മേക് അപ്പും ലിപ്സ്റ്റിക്കും അണിഞ്ഞ് പുഞ്ചിരിയോടെ അതിഥികളെ സ്വീകരിക്കണമായിരുന്നു: ആഡംബര ഹോട്ടലിലെ ക്രൂരത വെളിപ്പെടുത്തി ഷെഫ്
ബംഗളൂരു: തൊഴില്‍ സമ്മർദ്ദം മൂലം രാജ്യത്ത് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ വീണ്ടും തൊഴിലിടങ്ങളിലെ കൊടും ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈ മാസം ബംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ ജോലി ചെയ്ത കാലത്തെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച് മുപ്പത്തിരണ്ടുകാരിയായ ഷെഫും ന്യൂട്രീഷൻ കോച്ചുമായ നയൻതാര മേനോൻ ബാഗ്ലരിൽ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.
ഒരു മാഗസിനോടാണ് മേനോൻ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. താൻ ജോലി ചെയ്ത ആഡംബര ഹോട്ടലിലെ നരക സമാന തൊഴിലന്തരീക്ഷത്തേപ്പറ്റിയാണ് നയൻതാര മേനോൻ ബാഗ്ല വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 18 മുതല്‍ 20 വരെ മണിക്കൂർ നീളുന്ന ജോലിയും മാനസിക സമ്മർദവും തളർത്തിയ നാളുകളെപ്പറ്റിയാണ് നയൻതാര മേനോൻ ബാഗ്ല വെളിപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘വെല്‍കം ടു ഹെല്’ എന്ന് പറഞ്ഞാണ് ആദ്യ ദിനം തന്നെ പ്രോഗ്രാം ഡയറക്ടർ സ്വാഗതം ചെയ്തതെന്നും അക്ഷരാർത്ഥത്തില്‍ നരകതുല്യ അനുഭവങ്ങളാണ് പിന്നീട് നേരിട്ടതെന്നും നയൻതാര പറയുന്നു. തന്റെ സഹപ്രവർത്തകർക്കും അസഹനീയമായ ഷിഫ്റ്റുകളും ലൈംഗിക ചൂഷണവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും നയൻതാര പറയുന്നു. മാനസികാരോഗ്യത്തിന് ആരും ഒരിക്കലും പ്രാധാന്യം നല്‍കിയിരുന്നില്ലെന്നും നയൻതാര പറഞ്ഞു.
വൈകി വന്നാല്‍ രണ്ട് മണിക്കൂറോളം കൈ പൊക്കി നിർത്തിക്കുകയും വെറും കൈ കൊണ്ട് റഫ്രിജറേറ്റർ വൃത്തിയാക്കിക്കുകയും ചെയ്യുമായിരുന്നുവെന്നും നയൻതാര പറഞ്ഞു.
കുടുംബത്തില്‍ മരണം സംഭവിച്ചാല്‍ പോലും അവധി നിഷേധിച്ചിരുന്നു. കടുത്ത വേദനയിലും മേക് അപ്പും ലിപ്സ്റ്റിക്കും അണിഞ്ഞ് പുഞ്ചിരിയോടെ അതിഥികളെ സ്വീകരിക്കണമായിരുന്നു. ആത്മഹത്യകളും കൂട്ട ആക്രമണങ്ങളും മറച്ചുവയ്ക്കപ്പെടുന്നുവെന്നും പഴഞ്ചൻ ലിംഗ അസമത്വവും ബോഡി ഷെയ്മിങ്ങും സ്ത്രീകള്‍ നേരിടുന്നുവെന്നും നയൻതാര വെളിപ്പെടുത്തി.
തൊഴിലിടങ്ങളേക്കുറിച്ചുള്ള ചർച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്നതിനിടയിലാണ് ഇത്തരത്തില്‍ ഒരു വാർത്ത കൂടി പുറത്ത് വരുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഏണ്‍സ്റ്റ് ആൻഡ് യോങ്ങിലും യുപിയിലെ വിഭൂതിഖണ്ഡിലെ എച്ച്ഡിഎഫ്സിയിലെയും ജീവനക്കാർ കുഴഞ്ഞുവീണു മരിച്ചത്.
സംഭവത്തിന് പിന്നില്‍ ജോലി കാരണമുള്ള സ്ട്രെസ് ആണെന്ന വാർത്തകളാണ് പുറത്ത് വന്നിരുന്നത്. തുടർന്നാണ് ഇത്തരത്തില്‍ തൊഴിലിടങ്ങളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തി പലരും രംഗത്തെത്തുന്നത്.