വീഡിയോ കോളിലൂടെ നഗ്നത പ്രദര്‍ശിപ്പിച്ച് റെക്കോഡ് ചെയ്തു; സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെട്ടത് പതിനായിരങ്ങള്‍; പെണ്‍കുട്ടിയുടെ ഭീഷണിസന്ദേശത്തിനൊടുവില്‍ ലൈവ് വീഡിയോ കോള്‍ വിളിച്ച് യുവാവിന്റെ ആത്മഹത്യ; പിന്നില്‍ ഹണിട്രാപ്പ് സംഘമെന്ന് സൂചന
സ്വന്തം ലേഖകന്‍
പേരാവൂര്‍: നിടുംപൊയില്‍ കറ്റിയാടിലെ മങ്ങാടന്‍ ദിപിന്റെ (24) മരണത്തിന് പിന്നില്‍ ഹണിട്രാപ്പ് സംഘമാണെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ദിപിന്റെ സഹോദരങ്ങളായ ദിവ്യ, ദിന്‍ഷ എന്നിവരും പിതൃ സഹോദരന്റെ മകന്‍ സന്തോഷും ഇരിട്ടി ഡിവൈ.എസ്പി. പ്രിന്‍സ് അബ്രഹാമിന് പരാതി നല്കി.
മൊബൈല്‍ കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി വീഡിയോ കോളിലൂടെ അടുത്തശേഷമാണ് തട്ടിപ്പിനിരയാക്കിയത്. വീഡിയോ കോളിലൂടെ ഇവര്‍ നഗ്നത പ്രദര്‍ശിപ്പിച്ച് റെക്കോഡ് ചെയ്താണ് ദിപിനെ വലയിലാക്കിയത്. അശ്ലീലദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ 11,000 രൂപയാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിപിന്‍ ആത്മഹത്യ ചെയ്ത ദിവസം വൈകുന്നേരം അഞ്ചിനകം തുക അയക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, ഈ സമയപരിധിക്കുള്ളില്‍ തുക അയക്കാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഭീഷണിസന്ദേശം വന്നപ്പോള്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും അത് നേരിട്ടുകാണാമെന്നും ദിപിന്‍ മറുപടി നല്കി. ഇതിനുശേഷമാണ് വീടിനടുത്തുള്ള വനത്തിലെ മരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്തത്.
മരിക്കുന്നതിനുതൊട്ട് മുന്‍പ് ദിപിന്‍ വിദേശത്തുള്ള സുഹൃത്ത് അതുലിന് അയച്ച വോയ്‌സ് ക്ലിപ്പുകളാണ് ആത്മഹത്യക്ക് പിന്നില്‍ ഹണിട്രാപ്പ് സംഘമാണെന്ന് തിരിച്ചറിയാന്‍ കാരണം. നിര്‍ഭാഗ്യവശാല്‍ മണിക്കൂറുകള്‍ക്കുശേഷമാണ് അതുല്‍ സന്ദേശങ്ങള്‍ കാണുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുട്ടിയുമായി ദിപിന്‍ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും അതുലിന് അയച്ചിരുന്നു. പെണ്‍കുട്ടിയെ ലൈവ് വീഡിയോ കോള്‍ വിളിച്ചാണ് ദിപിന്‍ ആത്മഹത്യചെയ്തതെന്ന്് സുഹൃത്തിനയച്ച ചാറ്റില്‍ വ്യക്തമാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ച സന്ധ്യയോടെയാണ് ദിപിനെ വീടിനടുത്ത വനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖബാധിതരായ മാതാപിതാക്കളുടെയും രണ്ട് സഹോദരിമാരുടെയും ഏക ആശ്രയമായിരുന്നു നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ദിപിന്‍.