ഹണിട്രാപ്പിന് പോയി തല വയ്ക്കല്ലേ..! മുന്നറിയിപ്പുമായി കേരള പൊലീസ്; പൃഥ്വിരാജ് ശബ്ദമേകിയ വീഡിയോ വൈറൽ; വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്ത്രീകളെയും യുവതികളെയും ഉപയോഗിച്ചു പുരുഷന്മാരെയും തിരിച്ചും ഹണിട്രാപ്പിൽ കുടുക്കുന്ന സംഭവങ്ങൾ അടുത്തിടെയായി കേരളത്തിൽ സജീവമാണ്. സോഷ്യൽ മീഡിയയിലെ വീഡിയോ കോൾ വഴിയും ഇപ്പോൾ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ഇത്തരത്തിൽ ഹണിട്രാപ്പ് കെണികളെ തുറന്നു കാട്ടുകയാണ് കേരള പൊലീസ് ഇപ്പോൾ.
ഹണി ട്രാപ്പുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് അവബോധം തരുന്ന ഹ്രസ്വചിത്രവുമായി കേരള പൊലീസാണ് ഇപ്പോൾ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ‘ട്രാപ്പ്’ എന്ന പേരിൽ പുറത്തിറക്കിയ ചിത്രം സമൂഹമാദ്ധ്യമങ്ങളിലുൾപ്പടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ ശബ്ദമേകിയത് നടൻ പൃഥ്വിരാജാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹണി ട്രാപ്പുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് പറയുന്ന ‘ട്രാപ്പ്’ ഒരുക്കിയിരിക്കുന്നത് ഇംഗ്ലീഷിലും മലയാളത്തിലുമാണ്. സമൂഹമാധ്യമങ്ങളിലെചതിക്കുഴികളിൽ വീണുപോകുന്നവരുടെ തോത് വർധിച്ചു വരുന്ന സാഹചര്യത്തിൽ നാം ഓരോരുത്തരും കരുതിയിരിക്കേണ്ടതിന്റെ ആവശ്യകത ട്രാപ്പിലൂടെ കേരള പൊലീസ് അവതരിപ്പിച്ചിരിക്കുകയാണ്.
സൗഹൃദം സ്ഥാപിച്ച് വിലപേശുകയും, ജീവന് വരെ വിലയിടുകയും ചെയ്യുന്ന ‘ട്രാപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് ഈ ഹ്രസ്വ ചിത്രം പുറത്തിറക്കിയിരിക്കുന്നത്.പൃഥ്വിരാജിന് പുറമെ സിനിമ രംഗത്തെ ഒരു കൂട്ടം പ്രഗത്ഭരും ട്രാപ്പിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംവിധായകനും നടനുമായ റാഫിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നടനും തിരക്കഥാകൃത്തുക്കളായ ശരത് കോവിലകം, പ്രസാദ് പാറപ്പുറം എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ വിശ്വം ആണ്.
സുജിത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കേണൽ കൃഷ്ണൻ നായർ എന്ന സീനിയർ സിറ്റിസൻ വെടിയേറ്റ് മരിക്കുന്നതും തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളിലൂടെയുമാണ് ട്രാപ്പ് മുന്നോട്ടു പോകുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഒരുക്കിയ ട്രാപ്പിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.