നിലവില്‍ വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ സ്വകാര്യ മേഖലക്ക് മാത്രമേ വിറ്റഴിക്കുകയുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിർദ്ദേശം; എച്ച് എല്‍ എല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറരുത്; ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ എച്ച് എല്‍ എല്‍ സ്വകാര്യമേഖലക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
നിലവില്‍ വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ സ്വകാര്യ മേഖലക്ക് മാത്രമേ വിറ്റഴിക്കുകയുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിർദ്ദേശം. ഇത്തരം കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാനുസൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട് എന്നത് കേന്ദ്ര സര്‍ക്കാര്‍ മറക്കുകയാണ്.
പൊതുമേഖലയുടെ വികസനം മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറിയ ഭൂമിയിലാണ് എച്ച്എല്‍എല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ എച്ച്എല്‍എല്‍ കേന്ദ്ര സര്‍ക്കാറിന്‍്റെ ഉടമസ്ഥതയില്‍ നിന്നൊഴിവാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിനെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി നിലനിര്‍ത്താനുള്ള അവകാശം കേരളത്തിനുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാല്‍ എച്ച്എല്‍എല്‍-ന്റെ അധീനതയിലുള്ള ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ ലേല നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയോ വേണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
എച്ച്എല്‍എല്‍ ലൈഫ് കെയര്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രാഥമിക വിവര പട്ടികയും ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്കായി ആഗോള തലത്തില്‍ സമര്‍പ്പിച്ച ക്ഷണവും പ്രകാരം കേന്ദ്രസര്‍ക്കാരിനോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ 51 ശതമാനമോ അതില്‍ കൂടുതല്‍ ഓഹരിയുള്ള സഹകരണ സംഘങ്ങള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നതാണ് നിബന്ധന.
സംസ്ഥാനങ്ങള്‍ക്കോ സംസ്ഥാനങ്ങള്‍ക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്ന് എവിടെയും പറയുന്നില്ല. ഇക്കാര്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.