കോട്ടയം വിജിലൻസ് യൂണിറ്റിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് യോഗമെന്ന് വ്യാജ പ്രചാരണം: പ്രചാരണത്തിന് പിന്നിൽ അഴിമതിക്കാരുടെ ഗൂഡസംഘമെന്ന് വിജിലൻസ്

കോട്ടയം വിജിലൻസ് യൂണിറ്റിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് യോഗമെന്ന് വ്യാജ പ്രചാരണം: പ്രചാരണത്തിന് പിന്നിൽ അഴിമതിക്കാരുടെ ഗൂഡസംഘമെന്ന് വിജിലൻസ്

സ്വന്തം ലേഖകൻ

കോട്ടയം: ഒരു മാസം മുൻപ്  വിജിലൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് വിജിലൻസ് യൂണിറ്റിനെതിരെ വ്യാജ ആരോപണവുമായി ചിലർ രംഗത്ത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്, കോട്ടയത്ത് വിജിലന്‍സ് യോഗം നടത്തി എന്ന വ്യാജ ആരോപണമാണ് ചിലർ സോഷ്യൽ മീഡിയാ വഴി ഉയർത്തുന്നത്. യോഗത്തിൽ പങ്കെടുത്ത ഡിവൈഎസ്‌പിയടക്കം എട്ടുപേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് വ്യാജ പ്രചാരണം.

കഴിഞ്ഞ 15 ന് കോട്ടയത്ത് വിജിലൻസ് യൂണിറ്റിൽ നടന്ന യോഗത്തിൽ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായാണ് വ്യാജ പ്രചാരണം. യോഗത്തില്‍ പങ്കെടുത്ത എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതായും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് തേർഡ് ഐ ന്യൂസിൻ്റെ അന്വേഷണത്തിൽ വ്യക്തമായി. കോട്ടയം വിജിലൻസ് യൂണിറ്റിലേക്ക് പുതുതായി വന്ന പതിനഞ്ച് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ക്ലാസെടുത്തതെന്നും, അതും 200 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളിൽ വെച്ചാണ് ക്ലാസ് നടന്നതെന്നും വിജിലൻസ് എസ്.പിയും വിശദീകരിക്കുന്നു.

ഈ വർഷം മാത്രം ഇത് വരെ അഞ്ചു പേരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്. ഇത്തരത്തിൽ അഴിമതിക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ വിരോധമുള്ളയാളുകളാണ്  വിജിലൻസിനെ താറടിച്ച് കാണിക്കാനും, അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് തടയിടാനും  ശ്രമിക്കുന്നത്.

ഒരു മാസം മുൻപ് വിജിലൻസ് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൻ്റെ മറപിടിച്ചാണ് കഴിഞ്ഞ ആഴ്ച്ചയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത എട്ട് പേർക്ക് കോവിഡ് ബാധിച്ചു എന്ന് വ്യാജ പ്രചാരണം അടിച്ചിറക്കിയത്.

കൈക്കൂലിക്കാർക്കെതിരെ കോട്ടയം വിജിലൻസ് എസ് പി. വി.ജി വിനോദ്കുമാറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന റെയ്ഡുകളും, വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളുമാണ് ഇത്തരമൊരു വ്യാജ ആരോപണത്തിന് പിന്നിൽ.  വ്യാജവാർത്ത നല്കി വിജിലൻസിനെ സമ്മർദ്ദത്തിലാക്കാനാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ശ്രമം.

സംസ്ഥാനത്തെ വിജിലൻസ് യൂണിറ്റുകളിലേക്ക് കഴിഞ്ഞ മാസം നിയമിതരായ ഉദ്യോഗസ്ഥർക്ക് വിജിലൻസിൻ്റെ നടപടിക്രമങ്ങൾ മനസിലാക്കുന്നതിന് ഏകദിന ക്ലാസ് സംഘടിപ്പിക്കണമെന്ന വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ കോട്ടയത്ത് ക്ലാസ് സംഘടിപ്പിച്ചത്.

ഇത്തരത്തിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളിലും ക്ലാസുകൾ നടന്നിരുന്നതായും മികച്ച നിലയിൽ പ്രവർത്തിക്കുന്ന കോട്ടയം വിജിലൻസ് യൂണിറ്റിനെ താറടിച്ച് കാണിക്കാനുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥ സംഘത്തിൻ്റെ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും തേർഡ് ഐ ന്യൂസിൻ്റെ അന്വേഷണത്തിൽ വ്യക്തമായി.