ദിലീപിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി; ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം അന്വേഷണ സംഘത്തിന് ഇനി കടക്കാം; ദിലീപിനെതിരായ കുരുക്ക് മുറുക്കി തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള  സായ് ശങ്കറിന്റെ മൊഴി

ദിലീപിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി; ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം അന്വേഷണ സംഘത്തിന് ഇനി കടക്കാം; ദിലീപിനെതിരായ കുരുക്ക് മുറുക്കി തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള സായ് ശങ്കറിന്റെ മൊഴി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. വധഗൂഢാലോചനക്കേസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് വിധി. കേസ് സി ബി ഐക്ക് വിടാനും ഹൈക്കോടതി തയ്യാറായില്ല. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാല്‍ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നുമായിരുന്നു ദിലീപിന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ് ഐ ആര്‍ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. ‘ഡിസ്മിസ്ഡ്’, റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ വിധി പറഞ്ഞത്. നടന്‍ ദിലീപും സഹോദരന്‍ അനൂപും അടക്കം വധ ഗൂഢാലോചന കേസില്‍ ആറ് പ്രതികളാണുള്ളത്.

വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തിരുന്നു.

തുടര്‍ന്ന് ദിലീപിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിവിധ ശബ്ദരേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. അതേസമയം, കേസ് റദ്ദാക്കിയില്ലെങ്കില്‍ സി ബി ഐക്ക് വിടണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.

ഇതിനായി ശക്തമായ വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. എന്നാല്‍ കേസ് സി ബി ഐയ്ക്ക് വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അന്വേഷണസംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലാണ് കേസിനാസ്പദമായ സംഭവം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് ദിലീപിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

അതിനാല്‍ തന്നെ ഈ കേസിന്റെ ഭാവി നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഹൈക്കോടതി വിധി ദിലീപിനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ കനത്ത ആഘാതമേല്‍പ്പിക്കുന്നതാണ്. നിലവില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് വിധി പ്രതിസന്ധിയാകും എന്ന് ഉറപ്പാണ്.

ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം അന്വേഷണ സംഘത്തിന് ഇനി കടക്കാം. ആദ്യ ഘട്ടത്തില്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം കേസിലെ നിര്‍ണായകമായ ഫോണ്‍ പോലും ലഭിക്കുന്നത് വലിയ നിയമപോരാട്ടത്തിനൊടുവിലായിരുന്നു. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന് തിരിച്ചടി നേരിട്ടത്. എന്നാല്‍ തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ സായ് ശങ്കര്‍ മൊഴിയായി നല്‍കിയതോടെ ദിലീപിനെതിരായ കേസ് കൂടുതല്‍ ശക്തമായി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരനയേും സഹോദരി ഭര്‍ത്താവിനെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുകയാണ്. ദിലീപിനേയും സഹോദരന്‍ അനൂപിനേയും കൂടാതെ , സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.