സംസ്ഥാനത്ത് ചില പ്രത്യേക മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് കേൾവിക്കുറവ് ഉള്ളതായി റിപ്പോർട്ട്; പഠനം നടത്തിയത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും (നിപ്മർ) മോട്ടോർ വാഹന വകുപ്പും സംയുക്തമായി

സംസ്ഥാനത്ത് ചില പ്രത്യേക മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് കേൾവിക്കുറവ് ഉള്ളതായി റിപ്പോർട്ട്; പഠനം നടത്തിയത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും (നിപ്മർ) മോട്ടോർ വാഹന വകുപ്പും സംയുക്തമായി

സ്വന്തം ലേഖകൻ

ഇരിങ്ങാലക്കുട (തൃശൂർ):സംസ്ഥാനത്ത് ചില പ്രത്യേക മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് വ്യാപകമായി കേൾവി കുറവുള്ളതായി പഠനം. ബസ് ഡ്രൈവർമാർ, കണ്ടക്ടർമാർ, മറ്റു ജീവനക്കാർ, നഗരമേഖലയിൽ തൊഴിലെടുക്കുന്നവർ, വ്യാപാരികൾ എന്നിവരിലാണ് കേൾവിക്കുറവിന്റെ നിരക്ക് കൂടുതലായി കണ്ടെത്തിയത്. പ്രസ്തുത മേഖലയിൽ 90 ശതമാനത്തിനു മുകളിലാണ് കേൾവികുറവിന്റെ തോത് . നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനും (നിപ്മർ) മോട്ടോർ വാഹന വകുപ്പും സംയുക്തമായി 2020ൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. മറ്റു മേഖലകളിൽ കേൾവിക്കുറവിന്റെ തോത് 20 മുതൽ 30 ശതമാനം വരെയായിരുന്നു.

പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് വിവിധ മേഖലകളിൽ ശബ്ദപരിധി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇതുപാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തി. നിശബ്ദമേഖലയിൽ പകൽ 50 ഡെസിബലും രാത്രിയിൽ 45മാണ് നിശ്ചയിച്ചിട്ടുള്ളത്. ആവാസ മേഖലയിൽ യഥാക്രമം 55 (45), വാണിജ്യ മേഖല 65(55), വ്യവസായ മേഖല 75 (65) എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഈ നിർദേശങ്ങളൊന്നും നിശബ്ദ, ആവാസ, വാണിജ്യ മേഖലകളിൽ പാലിക്കപ്പെടുന്നില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെടിക്കെട്ടുകൾ, വാഹനങ്ങളുടെ ഹോൺ, സ്പീക്കർ അനൗൺസ്മെന്റ്, മൊബൈൽ ഫോൺ, യന്ത്രസൈറൺ എന്നിവയാണ് അരോജക ശബ്ദ സ്ത്രോതസുകൾ . ഇതിൽ ഏറ്റവും ഹാനികരമാകുന്നത് വാഹനങ്ങളുടെ എയർഹോണുകളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആരോചകമായ ശബ്ദം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് നിപ്മറിലെ ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാത്തോളജിസ്റ്റ് കെ. പത്മപ്രിയ പറഞ്ഞു. ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം, കേൾവിക്കുറവ്, ഗർഭസ്ഥ ശിശുവിനേൽക്കുന്ന ആഘാതം, കർണപുടത്തിനു ക്ഷതമേൽക്കാനുള്ള സാധ്യത, രക്തസമ്മർദ്ധം എന്നിവയും ശബ്ദ മലിനീകരണം മൂലം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഉയർന്ന ഡെസിബൽ ഉള്ള ശബ്ദം കാരണം കേൾവി ക്കുറവ് ഉണ്ടാകാതിരിക്കാൻ ഇയർ പ്ലഗ്ഗ് , ഇയർ മഫ്, എന്നിവ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ആശുപത്രികൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമീപം ശബ്ദഘോഷത്തോടെയുള്ള കരിമരുന്ന് പ്രയോഗങ്ങൾ ഒഴിവാക്കണമെന്നും രാത്രി കാലങ്ങളിൽ നടക്കുന്ന വെടിക്കെട്ടുകൾ രോഗികളിൽ ഹൈപ്പർ ടെൻഷൻ, ഹൃദയാഘാതം എന്നിവക്ക് കാരണമാകുമെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.