തിങ്കളും, ചൊവ്വയുമായി മലയോരമേഖലയിൽ ഉണ്ടായത് അഞ്ച് ഉരുൾപൊട്ടലുകൾ; മഴയെടുത്തത്‌ 13 ജീവൻ; ദുരിതപ്പെയ്‌ത്ത് തുടരുന്നു; ആറ് നദികളില്‍ പ്രളയമുന്നറിയിപ്പ്‌; മലയോരമേഖലയില്‍ മഴയ്ക്ക് നേരിയ ശമനം

തിങ്കളും, ചൊവ്വയുമായി മലയോരമേഖലയിൽ ഉണ്ടായത് അഞ്ച് ഉരുൾപൊട്ടലുകൾ; മഴയെടുത്തത്‌ 13 ജീവൻ; ദുരിതപ്പെയ്‌ത്ത് തുടരുന്നു; ആറ് നദികളില്‍ പ്രളയമുന്നറിയിപ്പ്‌; മലയോരമേഖലയില്‍ മഴയ്ക്ക് നേരിയ ശമനം

കോട്ടയം: കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിറച്ച്‌ മലയോര മേഖല. തീക്കോയിയില്‍ തിങ്കളും ചൊവ്വയുമായി അഞ്ചിടത്ത്‌ ഉരുള്‍പൊട്ടലും മലയിടിച്ചിലുമുണ്ടായി. മഴക്കെടുതിയില്‍ സംസ്‌ഥാനത്ത്‌ ഏഴുമരണംകൂടി. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്‌. ഇതോടെ കഴിഞ്ഞ ഞായര്‍ മുതല്‍ പെയ്യുന്ന കനത്തമഴയില്‍ സംസ്‌ഥാനത്തു ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 13 ആയി. കാണാതായ മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

മാര്‍മല അരുവിക്ക്‌ സമീപം, കൊട്ടുകാപ്പള്ളി എസ്‌റ്റേറ്റ്‌ എന്നിവിടങ്ങളിലും ഒറ്റയീട്ടി കട്ടൂപ്പാറയില്‍ മൂന്നിടത്തുമാണ്‌ ഉരുള്‍പൊട്ടലുണ്ടായത്‌. ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങളായതിനാല്‍ ജീവനഹാനിയുണ്ടായില്ല. വലിയതോതില്‍ കൃഷിനാശം സംഭവിച്ചിട്ടുണ്ട്‌. മണ്ണിടിച്ചിലില്‍ മാര്‍മല അരുവിയിലേക്കുള്ള റോഡ്‌ പൂര്‍ണമായി തകര്‍ന്നു. മൂന്നിലവില്‍ മണ്ണിടിച്ചിലുണ്ടായി വീടുകള്‍ക്ക്‌ നാശനഷ്ടം സംഭവിച്ചു. ജില്ലയില്‍ ചൊവ്വാഴ്‌ച മഴ കുറവായിരുന്നതിനാല്‍ നഗരപ്രദേശങ്ങളില്‍ കയറിയ വെള്ളം ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്‌.

മറ്റന്നാള്‍വരെ വ്യാപകമഴയ്‌ക്കും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും നാളെവരെ ഒറ്റപ്പെട്ട അതിശക്‌ത/അതിതീവ്രമഴയ്‌ക്കും (204 മില്ലിമീറ്ററില്‍ കൂടുതല്‍) സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാവകുപ്പ്‌ അറിയിച്ചതോടെ ഇന്ന്‌ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളില്‍ റെഡ്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്‌ നദികളില്‍ പ്രളയസാധ്യതയെന്നു കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ്‌. അച്ചന്‍കോവിലാര്‍, ഗായത്രിപ്പുഴ, ചാലക്കുടിപ്പുഴ, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച്‌ അലെര്‍ട്ട്‌. മണിമലയാര്‍, നെയ്യാര്‍, കരമനയാര്‍ എന്നിവയിലും പ്രളയമുന്നറിയിപ്പുണ്ട്‌. മണിമലയാര്‍ രണ്ടിടങ്ങളില്‍ അപകടനിരപ്പിനു മുകളില്‍ ഒഴുകുന്നു. കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ കണിച്ചാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിഞ്ചുകുട്ടിയടക്കം മൂന്നുപേരാണു മരിച്ചത്‌. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറംചാല്‍ എന്നിവിടങ്ങളിലായിരുന്നു ഉരുള്‍പൊട്ടല്‍.

കണിച്ചാല്‍ വെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ്‌ (45), പൂളക്കുറ്റി ആരോഗ്യകേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടരവയസുകാരിയായ മകള്‍ നൂമ തസ്‌മീന്‍, കണിച്ചാര്‍ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന്‍ (55) എന്നിവരാണു മരിച്ചത്‌. പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം ഇന്നലെ വൈകിട്ട്‌ നാലരയോടെ താഴെവെള്ളറ ഭാഗത്തുനിന്നാണു കണ്ടെടുത്തത്‌.
തെരച്ചിലില്‍ അഗ്നിശമനസേനയ്‌ക്കൊപ്പം കരസേനയും പങ്കെടുത്തു. ചന്ദ്രന്റെ വീട്‌ പൂര്‍ണമായും മണ്ണിനടിയിലാണ്‌. ഇദ്ദേഹത്തിന്റെ മകന്‍ റിവി(22)നെ അഗ്നിശമനസേന രക്ഷപ്പെടുത്തിയിരുന്നു. കുടിയേറ്റമേഖലയായ കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട്‌, കണ്ണവം വനമേഖലയില്‍ പെയ്‌ത കനത്തമഴയാണു ദുരിതം വിതച്ചത്‌.

ഇരിട്ടി താലൂക്കിലെ പേരാവൂരില്‍ നാലിടത്ത്‌ ഉരുള്‍പൊട്ടലുണ്ടായി. വന്‍മരങ്ങള്‍ കടപുഴകി വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്‌. ജില്ലാ കലക്‌ടര്‍ സൈന്യത്തിന്റെ അടിയന്തരസഹായം തേടി.

തമിഴ്‌നാട്ടിലെ കന്യാകുമാരി, പുത്തന്‍തുറ സ്വദേശി കിങ്‌സറ്റണ്‍ (27) തിരുവനന്തപുരത്തു തിരയില്‍പ്പെട്ടു മരിച്ചു. കോട്ടയം, കൂട്ടിക്കലില്‍ പുല്ലകയാറ്റിലെ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു കാണാതായ കന്നുപറമ്ബില്‍ റിയാസി(44)ന്റെ മൃതദേഹവും കണ്ടെത്തി. കൂട്ടിക്കല്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്നു. പിതാവ്‌ പരേതനായ ഇബ്രാഹിം, മാതാവ്‌ ആയിഷ, ഭാര്യ റാഫിയ, മക്കള്‍: റിഫാന, റാഷിദ, റംസിയ.
എറണാകുളം കുട്ടമ്ബുഴയില്‍ കഴിഞ്ഞ തിങ്കളാഴ്‌ച കാണാതായ ഉരുളംതണ്ണി, കാവനാകുടിയില്‍ പൗലോസി(65)നെ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ദേഹത്തേക്കു മരം ഒടിഞ്ഞുവീണാണു മരണം.

ദേശീയ ദുരന്തനിവാരണസേനയുടെ ഒന്‍പത്‌ സംഘങ്ങള്‍ ഇടുക്കി, കോഴിക്കോട്‌, വയനാട്‌, തൃശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുണ്ട്‌. ഡിഫന്‍സ്‌ സെക്യൂരിറ്റി കോപ്‌സിന്റെ രണ്ട്‌ യൂണിറ്റ്‌ കണ്ണൂര്‍, പാലക്കാട്‌ ജില്ലകളിലും കരസേന തിരുവനന്തപുരം ജില്ലയിലും സജ്‌ജമാണ്‌.

മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ജില്ലാ കലക്‌ടര്‍മാരുടെ യോഗം ചേര്‍ന്ന്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തി. സംസ്‌ഥാനത്ത്‌ 95 ക്യാമ്ബുകളിലായി 2291 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നദികളില്‍ ജലനിരപ്പ്‌ താഴാത്തതിനാല്‍ തീരവാസികള്‍ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്‌ തുടരുന്നു.

കോട്ടയത്ത് മലയോര നിവാസികള്‍ക്ക് താത്കാലികാശ്വാസമായി കിഴക്കന്‍മേഖലയില്‍ മഴയ്ക്ക് നേരിയ ശമനം. നാല് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടിയും, മണ്ണിടിഞ്ഞും വ്യാപക നാശമാണ് ഉണ്ടായത്.

മീനച്ചില്‍ താലൂക്കിലെ മൂന്നിലവ്, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലാണ് കെടുതി രൂക്ഷം. വ്യാപാരസ്ഥാപനങ്ങള്‍, വീടുകള്‍, മൂന്നിലവ് പഞ്ചായത്ത് ഓഫീസടക്കം വെള്ളത്തിലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് പല സ്ഥലങ്ങളിലെയും വെള്ളം ഇറങ്ങി തുടങ്ങി. മൂന്നിലവ്, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ വെള്ളം പൂര്‍ണ്ണമായി ഇറങ്ങി.

റോഡിലും സ്ഥാപനങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും നാട്ടുകാരുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ വൃത്തിയാക്കി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായതെന്ന് പ്രദേശവാസിയായ ജോസ് മൂന്നിലവ് പറഞ്ഞു. വെള്ളം കയറി നശിച്ച സാധനങ്ങള്‍ കുഴിച്ചുമൂടുകയാണ്. നിലവില്‍ പനയക്കപ്പാലം ഭാഗത്താണ് വെള്ളം ഇറങ്ങാനുള്ളത്.

കടപുഴ ഭാഗത്ത് 20 ഓളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. മൂന്നിലവ്, മേച്ചാല്‍, കടപുഴ, മങ്കൊമ്ബ്, നെല്ലപ്പാറ, ഈരാറ്റുപേട്ട പാലാ റോഡ് എന്നിവിടങ്ങളില്‍ ഗതാഗത തടസം നേരിടുന്നുണ്ട്. മൂന്നിലവ് ടൗണിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. ഉള്‍പ്രദേശങ്ങളിലാണ് വൈദ്യുതി തടസം പരിഹരിക്കാനുള്ളത്. മഴ വീണ്ടും ശക്തമായാല്‍ ആശങ്കപ്പെടേണ്ട സ്ഥിതിയാണെന്ന് ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് പറഞ്ഞു.

കൂട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ട്‌ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ കന്നുപറമ്ബില്‍ റിയാസിന്റെ മൃതദേഹമാണ്‌ ടൗണില്‍നിന്ന്‌ ഒരുകിലോമീറ്റര്‍ അകലെ ചപ്പാത്തിന്‌ സമീപം ചെളിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. കോട്ടയം — ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച്‌ താല്‍കാലികമായി നിര്‍മിച്ച മ്ലാക്കര പാലം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപകമായി വെള്ളം കയറി. വൈക്കത്ത്‌ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ തന്നെയാണ്‌.

മീനച്ചിലാര്‍ കരകവിഞ്ഞ്‌ പാലാ ടൗണില്‍ കൊട്ടാരമറ്റം, സ്‌റ്റേഡിയം ജങ്‌ഷന്‍ എന്നിവിടങ്ങള്‍ ചൊവ്വ പകല്‍ വെള്ളത്തിലായിരുന്നു. പാലാ — ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം മുടങ്ങിയെങ്കിലും ഉച്ചയോടെ പുനസ്ഥാപിച്ചു. കോട്ടയം കുമ്മനത്ത്‌ വീടുകളില്‍ വെള്ളംകയറി. തിരുവാര്‍പ്പില്‍ മാധവശേരി, താമരശേരി കോളനികളിലും വെള്ളം കയറി.