
ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അന്തര്‍സംസ്ഥാന തൊഴിലാളി യുവതി ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചു. അസം സ്വദേശിനിയും വണ്ടിപ്പെരിയാര്‍ വള്ളക്കടവ് താമസക്കാരിയുമായ ചാര്‍മിള ബീഗമാണ് (20) ‘കനിവ് 108’ ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ചൊവ്വാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് സംഭവം. പ്രസവവേദനയെ തുടര്‍ന്ന് ചാര്‍മിളയെ ബന്ധുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ആരോഗ്യനില വഷളാണെന്നും വിദഗ്ധ ചികിത്സ വേണമെന്നും കണ്ടെത്തിയ ഡോക്ടര്‍മാര്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ആംബുലന്‍സ് ഡ്രൈവര്‍ പി.വി. വിനോദ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രമ്യ ശശി എന്നിവര്‍ ഉടന്‍ ആശുപത്രിയിലെത്തി ചാര്‍മിളയുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് യാത്രതിരിച്ചു. ആംബുലന്‍സ് മുണ്ടക്കയം ഭാഗത്ത് എത്തിയപ്പോള്‍ ചാര്‍മിളയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. പ്രസവമെടുക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ രമ്യ ആംബുലന്‍സില്‍ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലര്‍ച്ച മൂന്നുമണിയോടെ ചാര്‍മിള കുഞ്ഞിന് ജന്മംനല്‍കി. തുടര്‍ന്ന് അമ്മക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നല്‍കി. ഇരുവരെയും ഉടന്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.