കനത്ത മഴ: ഉരുൾപ്പൊട്ടൽ; സംസ്ഥാനത്ത് പരക്കെ നാശ നഷ്ടം; മറ്റൊരു പ്രളയത്തെ പ്രതിരോധിക്കാൻ ഒരുങ്ങി സർക്കാരും നാടും

കനത്ത മഴ: ഉരുൾപ്പൊട്ടൽ; സംസ്ഥാനത്ത് പരക്കെ നാശ നഷ്ടം; മറ്റൊരു പ്രളയത്തെ പ്രതിരോധിക്കാൻ ഒരുങ്ങി സർക്കാരും നാടും

സ്വന്തം ലേഖകൻ
വയനാട്: സംസ്ഥാനത്ത് നാലു ദിവസത്തോളമായി തുടരുന്ന കനത്ത മഴ ഭീതി വിതയ്ക്കുന്നു. ഒരു വർഷം മുൻപ് എത്തിയ നടുക്കുന്ന പ്രളയത്തിന്റെ ഓർമ്മയിലാണ് ഇത്തവണ നാട്. വ്യാഴാഴ്ച വൈകിട്ട് വയനാട് മേപ്പാടിയിൽ വൻ ഉരുൾപൊട്ടലുണ്ടായി. പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ 40ലേറെ പേരെ കാണാതായതായതായാണ് പ്രാഥമിക നിമഗം. പ്രദേശത്തെ മുസ്‌ലിം പള്ളി, ക്ഷേത്രം, എസ്റ്റേറ്റ് പാടി എന്നിവ മണ്ണിനടിയിലായതായി പ്രദേശവാസികൾ സംശയിക്കുന്നുണ്ട്. നേരം പുലരും വരെ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 16 വീടുകൾ ഒലിച്ചു പോയതായി നാട്ടുകാർ പറഞ്ഞു. മേപ്പാടി ടൗണിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെയാണ് മുത്തുമല.
വ്യാഴാഴ്ച വൈകീട്ടോടെയാണ് പുത്തുമലയിൽ ഉരുൾപൊട്ടിയത്. എസ്റ്റേറ്റ് തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലയാണിത്. മലമ്പദേശമാകെഇടിഞ്ഞ് പതിക്കുകയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. പുത്തുമലയിലെ ആളപായം സംബന്ധിച്ച് കൃത്യമായ വിവരം സർക്കാറിന് ലഭ്യമായിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഭീകര ഉരുൾപൊട്ടലാണ് ഉണ്ടായതെന്ന് ജില്ല കലക്ടർ പറഞ്ഞു. പാടികളിലുള്ളവരെഫോണിൽ ബന്ധപ്പെടാനും കഴിയുന്നില്ല.
കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി. ദുരന്ത നിവാരണസേന സ്ഥലത്തേക്ക് പുറപ്പെട്ടു.
കണ്ണൂരിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട സൈന്യത്തോട് സംഭവസ്ഥലത്തേക്ക് പോവാൻ നിർദേശം നൽകിയതായി ജില്ലാ അധികൃതർ പറഞ്ഞു.
ഇതിനിടെ കോഴിക്കോട് നഗരത്തിലെ ഹോട്ടലിന്റെ ഷീറ്റിട്ട മേൽക്കൂര ശക്തമായ കാറ്റിലും മഴയിലും പറന്നുയർന്നതിന് പിന്നാലെ മേൽക്കൂരയുടെ ഇരുമ്പു തൂണുകൾ പതിച്ചത് സമീപത്തെ സ്‌കൂളിന് മുകളിലായിരുന്നു. കുട്ടികൾ ആരും സ്‌കൂളിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മഴ കണക്കിലെടുത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ചാലപ്പുറം ഗണപത് സ്‌കൂളിലെ കുട്ടികളാണ് ഇതുമൂലം അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്.
കല്ലായ് റോഡിലെ വുഡീസ് ഹോട്ടലിന്റെ മുകൾ നിലയിലെ ഷീറ്റ് കൊണ്ട് നിർമിച്ച മേൽക്കൂരയാണ് സമീപത്തെഗീതാഞ്ജലി അപ്പാർട്ട്‌മെന്റിനു മുകളിലും ഇരുമ്പുകാലുകൾ ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂളിലെ ക്ലാസ് മുറിയിലുമായി പതിച്ചത്. നാശനഷ്ടങ്ങൾ ഏറെയുണ്ടായെങ്കിലും ആർക്കും പരിക്കേറ്റില്ല. ജില്ലാ വിദ്യാഭ്യാസഉപഡയറക്ടർ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു.
രാവിലെ പത്തോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. അഞ്ചാം ക്ലാസിലെ മേശയും കസേരകളും ബോർഡുകളും പൂർണമായും തകർന്നു. ബഞ്ചുകൾക്ക് വിലങ്ങനെയായാണ് തുൺ പതിച്ചത്. അധ്യയന ദിവസങ്ങളിൽ മൂപ്പത്തഞ്ചിൽ അധികം കുട്ടികൾ ക്ലാസിലുണ്ടാകാറുണ്ട്. ക്ലാസ് മുറികളെ തമ്മിൽ വേർതിരിക്കുന്ന ചുമരുകളും തകർന്ന നിലയിലാണ്. ബഞ്ചുകൾ ഒടിഞ്ഞു.
മറ്റൊരു ഇരുമ്പുകാൽ സമീപത്തെ ബ്ളോക്കിൽ കുട്ടികൾ സദാസമയവും കളിച്ചുകൊണ്ടിരിക്കുന്ന വരാന്തയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. വൻ ശബ്ദം കേട്ട് സമീപത്തെ എൽപി സ്‌കൂളിൽ പ്രധാന അധ്യാപകനായ മനോജ് ഓടി എത്തുമ്പോഴേക്കും ക്ലാസ് മുറികൾ തകർന്ന നിലയിലായിരുന്നു. സ്‌കുളുകളെ തമ്മിൽ വേർതിരിക്കുന്ന വലിയ ആൽമരം ഉള്ളതിനാലാണ് തൂണുകൾ എൽപിസ്‌കൂളിലേക്ക് എത്താതിരുന്നത്.
മേൽക്കൂരയുടെ വലിയൊരുഭാഗം ഹൈസ്‌കൂളിനും ഹോട്ടലിനും ഇടയിലുള്ള അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലെ ഓപ്പൺ ടെറസ്സിലാണ് പതിച്ചത്. മേൽക്കൂരയുടെ ഒരു തൂൺ അപ്പാർട്ട് മെന്റിന് സമീപം പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ മുൻഭാഗത്തെ ചില്ലിനുമുകളിലേക്ക് കുത്തികയറിയ നിലയിലായിരുന്നു.അപകട സമയത്ത് കാറിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല.
വയനാട്ടിലെ മേപ്പാടിയിൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇവിടേയ്ക്ക് എത്തിച്ചേരാൻ പ്രയാസമായ സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. എയർഫോഴ്സിന്റെ, രാത്രി ഓടാൻ കഴിയുന്ന ഹെലിക്കോപ്റ്ററുകൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.എന്നാൽ കനത്ത മഴയ്ക്ക് ഒരയവ് വന്നാൽ മാത്രമെ അങ്ങോട്ടേയ്ക്ക് പോകാനാകു.
മലപ്പുറത്ത് നിലമ്ബൂരും മറ്റ് ചില പ്രദേശങ്ങളിലും വലിയ മലവെള്ളപ്പാച്ചിലുണ്ടായി. ചില പ്രദേശങ്ങൾ അവിടെ ഒറ്റപ്പെട്ടു. ഇടുക്കിയിലും കനത്ത മഴ തുടരുന്നു.
ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കനത്ത മഴയാണിപ്പോൾ തുടരുന്നത്. വലിയ തോതിൽ അപകടങ്ങൾ സംഭവിച്ചില്ലെങ്കിലും ഉണ്ടായതെല്ലാം കനത്ത നഷ്ടങ്ങൾ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാതരത്തിലും സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ എല്ലാ കാര്യവും ചെയ്തിട്ടുണ്ട്. അപകട സ്ഥലങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കേണ്ടതുണ്ട്. 13,000 പേർ വിവിധ ക്യാമ്ബുകളിൽ നിലവിൽ ഉണ്ട്.
വീട് വിട്ട് താമസിക്കാൻ മടി കാണിക്കുന്നവർ അങ്ങനെ ചെയ്യരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. വളണ്ടിയർമാരുടെ ഉപദേശം മാനിച്ച് എല്ലാവരും മാറി താമസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു