വേനൽക്കാലമാണ്..! ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും..!  കഴിക്കേണ്ടവയും കുറക്കേണ്ടവയുമറിയാം

വേനൽക്കാലമാണ്..! ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും..! കഴിക്കേണ്ടവയും കുറക്കേണ്ടവയുമറിയാം

സ്വന്തം ലേഖകൻ

ദിവസം കൂടും തോറും വേനലും ചൂടും കൂടുകയാണ്. ചൂട് കുറക്കാന്‍ ചില ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതു വഴിയും ചിലവ ഒഴിവാക്കുന്നതുവഴിയും സാധിക്കും. ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം.

ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും അറിവുണ്ടാകും. എന്നാല്‍ വെയിലത്തു നിന്ന് വന്ന ഉടന്‍ ഫ്രിഡ്ജില്‍ ഇരിക്കുന്ന തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ചൂടുകാലത്ത് കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് ചൂടുകാലത്ത് നല്ലത്. വേവ് കുറഞ്ഞ അരിയുടെ ചോറും കഞ്ഞിയും കുടിക്കുന്നത് ദഹനത്തെ സഹായിക്കും. കഞ്ഞി കുട്ടികള്‍ക്ക് ഇത് ഇഷ്ടമല്ലെങ്കില്‍ പാല്‍കഞ്ഞിയായി നല്‍കാം.

പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. വെള്ളരി, കുമ്പളം, പടവലം, മത്തന്‍, തക്കാളി എന്നിവയെല്ലാം നല്ലതാണ്.

വേനല്‍കാലം വിവിധ പഴങ്ങളുടെ കാലം കൂടിയാണ് ചക്കയും മാങ്ങയും തുടങ്ങി നാട്ടില്‍ കിട്ടുന്ന എന്ത് പഴവും പരമാവധി കഴിക്കണം. കൂട്ടത്തില്‍ ഞാലിപ്പൂവനും കദളിപ്പഴവും തണ്ണിമത്തനും ഓറഞ്ചുമെല്ലാം വേനല്‍ചൂട് കുറക്കാന്‍ ശരീരത്തെ സഹായിക്കും.

തൈരും മോരും ചെറുനാരങ്ങാ വെളളവുമെല്ലാം ധാരാളമായി ഉപയോഗിക്കാം. ചെറുനാരങ്ങാ വെള്ളം ഉപ്പിട്ടു കലക്കുന്നതാണ് നല്ലത്. വിയര്‍പ്പിലൂടെ നഷ്ടമാകുന്ന സോഡിയം ക്ലോറൈഡ് പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളെ ശരീരത്തിലെത്തിക്കാന്‍ ഈ ഉപ്പിട്ട മോരുവെള്ളത്തിനും ചെറുനാരങ്ങാ വെള്ളത്തിനുമെല്ലാം സാധിക്കും.

മാംസാഹാരങ്ങളും ഫാസ്റ്റ് ഫുഡും വറുത്തതും പൊരിച്ചതുമായ ഭക്ഷണവും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് രാത്രി ഭക്ഷണത്തില്‍. രാത്രി ഇത്തരം ഭക്ഷണം കഴിച്ചാല്‍ ദഹനത്തിന് കൂടുതല്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഉറക്കത്തെയും ഇത് ബാധിക്കാനിടയുണ്ട്. മാംസാഹാരം നിര്‍ബന്ധമുള്ളവര്‍ക്ക് ആട്ടിറച്ചി ഉപയോഗിക്കാം. എന്നാല്‍ ചൂടുകാലത്തും മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് കുഴപ്പങ്ങളില്ല.

Tags :