കേരളത്തിൽ ഹർത്തലിന് സമാനമായ ഭാരത്‌ ബന്ദ്‌ ആരംഭിച്ചു; എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ച ഹര്‍ത്താൽ പൂർണ്ണം; കെ എസ് ആർ ടി സി അവശ്യ സർവീസുകൾ മാത്രം; സ്വകാര്യ വാഹനങ്ങള്‍ തടയില്ല

കേരളത്തിൽ ഹർത്തലിന് സമാനമായ ഭാരത്‌ ബന്ദ്‌ ആരംഭിച്ചു; എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ച ഹര്‍ത്താൽ പൂർണ്ണം; കെ എസ് ആർ ടി സി അവശ്യ സർവീസുകൾ മാത്രം; സ്വകാര്യ വാഹനങ്ങള്‍ തടയില്ല

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌ത ഹർത്തലിന് സമാനമായ ഭാരത്‌ ബന്ദ്‌ ആരംഭിച്ചു.

വിവാദമായ മൂന്ന് കൃഷി നിയമങ്ങള്‍ക്ക് ഒരു വര്‍ഷം തികയുമ്പോള്‍ പ്രതിഷേധവുമായാണ് ഹര്‍ത്താലും ബന്ദും. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തില്‍ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ്.

ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. അവശ്യ സേവനങ്ങളെയും ബാധിക്കില്ല. എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹര്‍ത്താല്‍ സമയത്തു അവശ്യ സേവനങ്ങള്‍ക്കായി ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവ കേന്ദ്രീകരിച്ചു പ്രധാന റൂട്ടുകളില്‍ പൊലീസ് അകമ്പടിയോടെ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ നടത്തുമെന്നു കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. പതിവു സര്‍വീസുകൾ ഉണ്ടാകില്ല. വൈകിട്ട് 6 കഴിഞ്ഞ് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ആരംഭിക്കും.

വിവിധ സര്‍വകലാശാലാ പരീക്ഷകളും പിഎസ്‌സി വകുപ്പുതല പരീക്ഷയും മാറ്റിവച്ചു. കേരളത്തിനു പുറമേ ആന്ധ്രപ്രദേശ്, തമിഴ്‌നാട് സര്‍ക്കാരുകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി.

അതിര്‍ത്തിയിലെ 3 കര്‍ഷകസമര വേദികളില്‍ നിന്ന് ആരെയും നഗരത്തിലേക്കു കടത്തിവിടില്ലെന്നു പൊലീസ് ചൂണ്ടിക്കാട്ടി. ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷനും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു.

കേരളത്തില്‍ പാല്‍, പത്രം, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വാഹനങ്ങള്‍ നിര്‍ത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചിരുന്നു. ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.