ഹരിത കേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് ആവേശകരമായ തുടക്കം.
അടിമാലി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് ആവേശകരമായ തുടക്കം.
നീലക്കുറിഞ്ഞി
ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിൽ
മെയ് 26 ന് രാവിലെ പഠനോത്സവം തുടക്കം കുറിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ ഷാജി സിഡി എന്നിവരുടെ സാന്നിധ്യത്തിൽ 14 ജില്ലകളിൽ നിന്നും എത്തിയ കുട്ടികൾ തന്നെ പരിസ്ഥിതി സൗഹൃദ ചിത്രരചനയോടെ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ അനുഭവങ്ങൾ പങ്കുവെച്ചു.
പ്രേത്യേകം സ്ഥാപിച്ച ബോർഡുകളിൽ മരങ്ങൾ, പക്ഷികൾ,പൂക്കൾ,നദികൾ തുടങ്ങി പ്രകൃതിയോട് ഇണങ്ങിയ വിവിധ ചിത്രങ്ങൾ വരച്ചും സന്ദേശങ്ങൾ എഴുതിയും വിദ്യാർഥികൾ തന്നെ പഠനോത്സവം ഉദ്ഘാടനം ചെയ്തത് കൗതുക കാഴ്ചയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിഷന്റെ നേതൃത്വത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച
ജില്ലാതല ക്വിസ് മത്സരങ്ങളിൽ വിജയികളായ 60 ഓളം കുട്ടികളാണ് മൂന്നുദിവസത്തെ ക്യാമ്പിന്റെ ഭാഗമാകുന്നത്.ലോക ജൈവവൈവിധ്യ ദിനചാരണത്തോടനുബന്ധിച്ചു അടിമാലിയിലും മൂന്നാറിലുമായിട്ടാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്.
ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും പഠനോത്സവ ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും.
പരിസ്ഥിതി ഗവേഷകൻ ഡോ.സുജിത് വി ഗോപാലൻ,അലൻ, ആദർശ്, അജയ്,
നവകേരളംകർമപദ്ധതി അസിസ്റ്റന്റ് കോർഡിനേറ്റർ ടി പി സുധാകരൻ, ഹരിത കേരളം മിഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ ലിജി മേരി ജോർജ്, പ്രോഗ്രാം അസോസിയേറ്റ് കാർത്തിക എസ്,ജിഷ്ണു എം,ജില്ലാ കോർഡിനേറ്റർമാർ,
ഹരിത കേരള മിഷൻ യങ് പ്രൊഫഷണലുകൾ, ഇന്റേൺഷിപ് ട്രെയിനികൾ തുടങ്ങിയവർ ക്യാമ്പ് നയിക്കും.
അടിമാലിയില്‍ ഹരിതകേരളം മിഷന്‍ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്മ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ക്വിസ് മത്സരം നടത്തിയതും തുടർന്ന് പഠനോത്സവം സംഘടിപ്പിക്കുന്നതും. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ക്വിസ് മത്സരം സംഘടിപ്പിച്ചത്. ബ്ലോക്ക് -കോർപറേഷൻ തലത്തിൽ പങ്കെടുത്ത 9000 ത്തോളം പേരിൽ നിന്നും മത്സര വിജയികളായ 629 കുട്ടികളെ പങ്കെടുപ്പിച്ചാണ് ജില്ലാതല ക്വിസ് മത്സരം ജില്ലാകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചത്.