ഓണപരീക്ഷ ഉപേക്ഷിക്കും; സ്കൂളുകൾ തുറക്കുന്നത് വൈകും; രോഗവ്യാപനത്തിനിടെ സ്കൂൾ തുറക്കുന്നത് അപകടമെന്ന് റിപ്പോർട്ട്

ഓണപരീക്ഷ ഉപേക്ഷിക്കും; സ്കൂളുകൾ തുറക്കുന്നത് വൈകും; രോഗവ്യാപനത്തിനിടെ സ്കൂൾ തുറക്കുന്നത് അപകടമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്നതിനിടെ സ്കൂളുകൾ തുറക്കുന്നത് വൈകുമെന്ന് ഉറപ്പാക്കുന്നു.  കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് വൈകുന്നത്. നേരത്തെ ആഗസ്റ്റില്‍ സ്‌കൂളുകള്‍ തുറന്ന് ക്ലാസ് തുടങ്ങാമെന്നായിരുന്നു സര്‍ക്കാരിന്റെയും അധ്യാപകരുടെയും പ്രതീക്ഷ. എന്നാൽ ഇതിനിടെയാണ് ഇപ്പോൾ കൊവിഡ് സകല നിയന്ത്രണങ്ങളും ലംഘിച്ച് പടർന്നു പിടിക്കുന്നത്. ഇങ്ങനെ പോയാല്‍ ഇക്കൊല്ലം ഓണപരീക്ഷയും ഉണ്ടാവില്ലെന്നാണ് സൂചന.

രോഗം കൂടുതലായി വ്യാപിക്കുമ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്നത് അപകടമായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വരും മാസങ്ങളിലും തുടരാനാണ് എല്ലാ സാദ്ധ്യതയും. സ്കൂള്‍ തുറക്കുന്നത് നീണ്ടാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പാഠപുസ്തക വിതരണവും പൂര്‍ത്തിയായി.
ഓണപ്പരീക്ഷ, ഓണ്‍ലൈന്‍ പഠനം,​ സിലബസ് ചുരുക്കല്‍, മറ്റ് സാദ്ധ്യതകള്‍ എന്നിവ ചര്‍ച്ചചെയ്യാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ആഴ്ച ചേര്‍ന്നേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വര്‍ഷത്തെ സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കിയിട്ടില്ല. ഇക്കാര്യവും ചര്‍ച്ച ചെയ്യും. അതിന്ശേഷം ചേരുന്ന കരിക്കുലം കമ്മിറ്റി കൊവിഡ് കാലത്തെ വിദ്യാഭ്യാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതുകൂടി കഴിഞ്ഞ് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും.

ഓണ്‍ലൈന്‍ അദ്ധ്യയനം തുടരേണ്ടി വന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക,​ മാനസിക ഉല്ലാസം ഉറപ്പാക്കാനുള്ള പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി വിക്ടേഴ്സ് ചാനലില്‍ ദിവസവും രാവിലെ യോഗ,​ എക്സര്‍സൈസ് എന്നിവ ഉള്‍പ്പെടുത്തിയുള്ള പരിശീലന പരിപാടി രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു.

എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ രീതിയിലാവും ഈ പരിശീലനം. കുട്ടികളിലെ ആത്മഹത്യപ്രവണത കൂടുന്ന സാഹചര്യത്തില്‍ മാനസിക പിരിമുറുക്കം കുറയ്‌ക്കാന്‍ ‘ചിരി’ എന്ന കൗണ്‍സലിംഗ് പദ്ധതിയും ഉടന്‍ ആരംഭിക്കും. സ്റ്രുഡന്റ് പൊലീസ് കേഡറ്രുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക.

സ്‌കൂള്‍ തുറക്കുന്നത് വൈകിയാലും ക്ലാസുകള്‍ മുടങ്ങില്ലന്നും സർക്കാർ ഉറപ്പാക്കുന്നു. ഓണ്‍ലൈനായി കൂടുതല്‍ വിഷയങ്ങളില്‍ ക്ലാസ് നല്‍കാന്‍ ആലോചിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മലയാളത്തിലുള്ള ക്ലാസുകളില്‍ ഇംഗ്ലീഷ് വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അറിയിച്ചു.