ഓണക്കാലത്ത് കൈത്തറിക്കൊരു കൈത്താങ്ങ്; ക്യാമ്പയിന് കവടിയാർ കൊട്ടാരത്തിൽ തുടക്കമായി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിമൂലം ദുരിതക്കയത്തിലായ കുത്താമ്പുള്ളി നെയ്ത്ത്ഗ്രാമത്തിന് കൈത്താങ്ങാകുന്ന ‘വോക്കൽ ഫോർ ട്രഡീഷൻ, വോക്കൽ ഫോർ കൾച്ചർ’ ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി.
പ്രമുഖ ഫാഷൻ ഡിസൈനർ അഞ്ജലി വർമ്മ നേതൃത്വം നൽകുന്ന ക്യാമ്പയിൻ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വെച്ച് പൂയം തിരുന്നാൾ ഗൗരി പാർവ്വതി ബായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റോയൽഹാൻഡ് ലൂം എഡിഷൻ’ മുദ്ര’ യുടെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി നിർവ്വഹിച്ചു.
തൃശൂർ കുത്താമ്പുള്ളിയിലെ നെയ്ത്തുകാർ തിരുവിതാംകൂർ രാജവംശത്തിന്റെ മുദ്ര നെയ്‌തെടുത്ത കൈത്തറി സാരിയാണ് റോയൽ ഹാൻഡ്‌ലൂം എഡിഷനിലൂടെ കവടിയാർ കൊട്ടാരത്തിന് സമ്മാനിച്ചത്.
കുത്താമ്പുള്ളിയിലെ സാധാരണക്കാരായ നെയ്ത്ത്കാരിൽ നിന്ന് ആയിരത്തോളം തുണിത്തരങ്ങൾ ശേഖരിച്ചുകൊണ്ട് ഓണക്കാലത്ത് സഹായഹസ്തം ഒരുക്കുകയാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ഡിസൈനർ അഞ്ജലി വർമ്മ പറഞ്ഞു.
ക്യാമ്പയിനിലൂടെ കേരളത്തിന്റെ കൈത്തറി ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകാനും അന്താരാഷ്ട്രതലത്തിലേക്ക് നെയ്ത്തുഗ്രാമത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കാനും സാധിക്കുമെന്നും അവർ പറഞ്ഞു.
കുത്താമ്പുള്ളിയിലെ കൈത്തറി ഉത്പാദനത്തെയും അതുവഴി പ്രാദേശിക സമ്പദ്ഘടനയെ പരിപോഷിപ്പിക്കാനും ക്യാമ്പയിനിലൂടെ സാധ്യമാകും.
പുതുമകളെ സ്വീകരിക്കുമ്പോൾ പരമ്പരാഗത രീതികൾക്ക് കോട്ടംവരാതെ കാത്തുസൂക്ഷിക്കുവാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് പൂയം തിരുന്നാൾ ഗൗരി പാർവ്വതി ബായ് തമ്പുരാട്ടി പറഞ്ഞു.
കേരളത്തിന്റെ സ്വന്തം കൈത്തറി മേഖലയ്ക്ക് പുത്തനുണർവ്വ് പകരുന്ന ക്യാമ്പയിൻ പുതുതലമുറ നെയ്ത്ത്കാർക്ക് ഏറെ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ തനത് വസ്ത്ര നിർമ്മാണ രീതി ഉപജീവനമാർഗമാക്കിയ കുത്താമ്പുള്ളിയിലെ പുതുതലമുറ നെയ്ത്തുകാരെയും ഇവർക്ക് സഹായഹസ്തമൊരുക്കുവാൻ മുന്നിട്ടിറങ്ങിയ അഞ്ജലി വർമ്മയെയും അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി അഭിനന്ദിച്ചു.
ക്യാമ്പയിന്റെ ഭാഗമായി തൃശൂരിൽ വെച്ച് കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുഖ്യപങ്ക്വഹിച്ച ആരോഗ്യപ്രവർത്തകർക്ക് കൈത്തറി വസ്ത്രം നൽകി ആദരിക്കുമെന്ന് ക്യാമ്പയിൻ കോർഡിനേറ്റർ അഞ്ജലി വർമ്മ അറിയിച്ചു.
ഫോട്ടോ- വോക്കൽ പോർ ട്രഡീഷൻ, വോക്കൽ ഫോർ കൾച്ചർ ക്യാമ്പയിൻ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വെച്ച് പൂയം തിരുന്നാൾ ഗൗരി പാർവ്വതി ബായ് തമ്പുരാട്ടി ഉദ്ഘാടനം ചെയ്യുന്നു. സമീപം ക്യാമ്പയിൻ ഓർഗനൈസറും ഡിസൈനറുമായ അഞ്ജലി വർമ്മ.