സ്വാതന്ത്രദിനത്തിന്റെ നിറവിൽ രാജ്യം: ഭാരതത്തിന്റെ വികസനത്തിന് ‘100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഭാരതത്തിന് ദിശാബോധം നൽകിയത് നെഹ്റുവും, പട്ടേലുമെന്ന് മോദി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സ്വാതന്ത്രദിനത്തിന്റെ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി ഒരു വർഷം നീളം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ചു.
രാവിലെ ഏഴോടെ രാഷ്ട്രപിതാവിൻറെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ച നടത്തി. 7.30ഓടെ ചെങ്കോട്ടയിൽ പതാക ഉയർത്തി. സേനാ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടി രാജ്യത്തിൻറെ അഭിമാനമായ താരങ്ങളെ പ്രധാനമന്ത്രി ചെങ്കോട്ട പ്രസംഗത്തിൽ അഭിനന്ദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒളിമ്പിക്സിൽ പങ്കെടുത്ത താരങ്ങളെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു. ഒളിമ്പിക്സ് താരങ്ങൾ നമ്മുടെ ഹൃദയങ്ങൾ കീഴടക്കുക മാത്രമല്ല ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യസമര സേനാനികൾക്ക് പ്രണാമം അർപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്നിവരെ അദ്ദേഹം അനുസ്മരിച്ചു. ഭാരതത്തിന് ദിശാബോധം നൽകിയത് ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്ന് പടനയിച്ചവരെ രാജ്യം ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിഭജനകാലത്തേയും അതിനായി ജീവൻവെടിഞ്ഞവരേയും പ്രധാനമന്ത്രി അനുസ്മരിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കോവിഡ് വാക്സിൻ നിർമ്മിക്കാൻ കഴിഞ്ഞത് വൻ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്സിനേഷൻ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ആളുകളിലേക്ക് വാക്സിൻ എത്തി. കോവിൻ പോർടൽ ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. കോവിഡ് കാലത്ത് 80 കോടി ആളുകളിലേക്ക് റേഷൻ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
4.5 കോടി കുടുംബങ്ങൾക്ക് രണ്ട് വർഷത്തിനുള്ളിൽ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉറപ്പാക്കായി. രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും സഹായം എത്തിക്കാൻ സാധിച്ചു. എല്ലാവർക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളിൽ മികച്ച ചികിത്സ ഇപ്പോൾ ലഭിക്കുന്നു. ആശുപത്രികളിൽ ഓക്സിജൻ പ്ലാൻറുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മെഡിക്കൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഒബിസി ക്വാട്ട നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുകയാണ്. വികസന യാത്രയിൽ എല്ലാവരെയും ഒരുപോലെ കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.
രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനായി രാജ്യത്തിൻറെ ക്ഷമതയെ പൂർണതോതിൽ ഉപയോഗിക്കേണ്ടതുണ്ടെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാം പിന്നിൽ നിൽക്കുന്ന മേഖലകളിൽ മുന്നോട്ട് കുതിക്കാൻ എല്ലാവരും കൈകോർത്ത് പ്രവർത്തിക്കണമെന്നും നരേന്ദ്ര മോദി അഭിസംബോധനയിൽ പറഞ്ഞു.
രാജ്യം വികസനത്തിന്റെ നിർണായക ഘട്ടത്തിലെന്നും, അടുത്തതലമുറ അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിർമാണങ്ങൾ, പുതുതലമുറ ടെക്നോളജി എന്നിവയ്ക്കായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതിയും പ്രഖ്യാപിച്ചു.
പദ്ധതി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങൾക്ക് അടിത്തറയിടുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത തുറക്കുമെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.
വരും വർഷങ്ങളിൽ രാജ്യത്തെ ചെറുകിട കർഷകരുടെ കൂട്ടായ ശക്തി വർദ്ധിപ്പിക്കേണ്ടതുണ്ട്. നമ്മൾ അവർക്ക് പുതിയ സൗകര്യങ്ങൾ നൽകണം. അവർ രാജ്യത്തിന്റെ അഭിമാനമായി മാറണം. ‘ഛോട്ട കിസാൻ ബനേ ദേശ് കി ഷാൻ’ (ചെറുകിട കർഷകർ രാജ്യത്തിന്റെ അഭിമാനമായി മാറട്ടെ) എന്നതാണ് നമ്മുടെ മന്ത്രം. ഇത് നമ്മുടെ സ്വപ്നമാണ്. രാജ്യത്തെ 70ൽ അധികം റൂട്ടുകളിൽ ‘കിസാൻ റെയിൽ’ ഓടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഗ്രാമങ്ങൾ അതിവേഗം മാറുന്നത് ഇന്ന് നാം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ഗ്രാമങ്ങളിൽ എത്തിയിട്ടുണ്ട്. ഇന്ന്, ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് ഗ്രാമങ്ങൾക്ക് ഡാറ്റയുടെ ശക്തി നൽകുന്നു, ഇന്റർനെറ്റ് അവിടെ എത്തുന്നു. ഗ്രാമങ്ങളിലും ഡിജിറ്റൽ സംരംഭകർ തയ്യാറെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.