ചികിത്സാപ്പിഴവ് കാരണം വായ്ക്കുള്ളിൽ മുടി വളരുന്ന ദുരവസ്ഥ ; ആഹാരം കഴിക്കാനോ ഉമിനീരിറക്കാനോ പോലും കഴിയില്ല ; ആർ സി സിയിലെ ഡോക്ടറോട് ദുരിതം തുറന്ന് പറഞ്ഞപ്പോൾ മുടി ബാർബറെ വിളിച്ചു വെട്ടിക്കാൻ പറഞ്ഞ് പരിഹസിച്ചു ; കൂലിപ്പണിക്കാരനായ സ്റ്റീഫന്റെ ദയനീയാവസ്ഥക്ക് പരിഹാരം കാണാൻ, ചികിത്സാപ്പിഴവ് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Spread the love

സ്വന്തം ലേഖകൻ 

 

തിരുവനന്തപുരം: വായ്ക്കുള്ളിലെ അര്‍ബുദം ബാധിച്ച മുഴ നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ വായ്ക്കുള്ളില്‍ രോമം വളരുന്ന സംഭവത്തില്‍ ചികിത്സാപ്പിഴവ് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ അനുകൂലിച്ച്‌ ആര്‍.സി.സി. റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്.

 

 

2019 ജൂലായ് ഒമ്പതിനാണ് കുന്നത്തുകാല്‍ സ്വദേശി സ്റ്റീഫന്‍ റീജണല്‍ കാന്‍സര്‍ സെന്ററില്‍ വായ്ക്കുള്ളില്‍ ശസ്ത്രക്രിയക്ക് വിധേയനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വായില്‍ വെച്ചുപിടിപ്പിക്കാന്‍ തുടയില്‍നിന്നു മാംസം എടുക്കുമെന്നാണ് പറഞ്ഞതെങ്കിലും കീഴ്‌ത്താടിയില്‍ നിന്ന് മാംസം എടുത്തതാണ് വായിൽ മുടി വളരാൻ കാരണമായതെന്നാണ് ആരോപണം.

 

വായ്ക്കുള്ളിലെ രോമവളര്‍ച്ചകാരണം ആഹാരം കഴിക്കാനോ ഉമിനീരിറക്കാനോ കഴിയാത്ത ദുരവസ്ഥയുണ്ടായി. ഇതേ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരേ കൂലിപ്പണിക്കാരനായ സ്റ്റീഫന്‍ പരാതി നല്‍കിയത്.

 

സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ചികിത്സ. വായിലെ രോമവളർച്ചയെ കുറിച്ച് ഡോക്ടറെ അറിയിച്ചപ്പോള്‍ മുടി ബാര്‍ബറെ വിളിച്ച്‌ വെട്ടിക്കാന്‍ പറഞ്ഞ് പരിഹസിച്ചതായും പരാതിയില്‍ പറയുന്നു.

 

 

മെഡിക്കല്‍ ബോര്‍ഡില്‍ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധനെ ഉള്‍പ്പെടുത്തണമെന്നും വായ്ക്കുള്ളില്‍ പകരം ചര്‍മം വെച്ചുപിടിപ്പിച്ചപ്പോള്‍ ഉണ്ടായ രോമവളര്‍ച്ച സ്വാഭാവികമാണോയെന്ന് പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

 

ആവശ്യമെങ്കില്‍ രോഗിയെ നേരിട്ട് പരിശോധിച്ച് എട്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.