‘പുതിയ ഇന്ത്യയ്ക്ക് ആശംസകള്‍’..!! പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം സംഘര്‍ഷഭൂമിയായി രാജ്യതലസ്ഥാനം; ഗുസ്തിതാരങ്ങളുടെ സമരത്തെ അറസ്റ്റ് നടപടികളിലൂടെ നേരിട്ട് പൊലീസ്

‘പുതിയ ഇന്ത്യയ്ക്ക് ആശംസകള്‍’..!! പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം സംഘര്‍ഷഭൂമിയായി രാജ്യതലസ്ഥാനം; ഗുസ്തിതാരങ്ങളുടെ സമരത്തെ അറസ്റ്റ് നടപടികളിലൂടെ നേരിട്ട് പൊലീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം സംഘര്‍ഷഭൂമിയായി രാജ്യതലസ്ഥാനം. രാജ്യത്തിന് അഭിമാനമായ ഗുസ്തിതാരങ്ങളുടെ സമരത്തെ കായികമായും അറസ്റ്റ് നടപടികളിലൂടെയുമാണ് പൊലീസ് നേരിട്ടത്.

ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ വിനേഷ് ഫൊഗട്ട്, ബജ്രങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ പ്രമുഖ താരങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ഇന്ന് പുതിയ പാര്‍ലമെന്റിലേക്ക് വനിതാ മഹാപഞ്ചായത്ത് നടത്താനിരിക്കെയായിരുന്നു താരങ്ങളെ അറസ്റ്റ് ചെയ്തുനീക്കിയത്. ‘പുതിയ ഇന്ത്യയ്ക്ക് ആശംസകള്‍’ എന്ന് അറസ്റ്റ് വരിച്ച്‌ വിനേഷ് ഫൊഗട്ട് വിളിച്ചുപറഞ്ഞു. പത്തോളം ബസുകളില്‍ അറസ്റ്റു ചെയ്ത താരങ്ങളെ ഡല്‍ഹിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കാണ് കൊണ്ടുപോയത്.

ജന്തര്‍ മന്ദറിലുള്ള ഗുസ്തി താരങ്ങളുടെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുനീക്കി. പാര്‍ലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങള്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. ഇവിടെയുണ്ടായിരുന്ന പ്രതിഷേധ ബാനറുകളും ദേശീയപതാക ഉള്‍പ്പെടെ പൊലീസ് നീക്കം ചെയ്തതായി ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു. സാക്ഷിയെ പൊലീസ് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് താരങ്ങള്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങളുടെ സമരം നടക്കുന്നത്. ലോകശ്രദ്ധ പിടിച്ചുപറ്റിയ സമരം കഴിഞ്ഞ ദിവസമാണ് ഒരു മാസം പിന്നിട്ടത്. മേയ് 27നകം ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കടുത്ത സമരമാര്‍ഗങ്ങളിലേക്ക് നീങ്ങുമെന്ന് താരങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, ഒരു നടപടിയും ഉണ്ടാകാതായതോടെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ഉദ്ഘാടന ദിവസം കര്‍ഷക സംഘടനാ നേതാക്കള്‍ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചത്.