വീട്ടിൽ കയറി നിന്റെ മൊബൈൽ എടുത്തുകൊണ്ടു പോകും: ടൈ കെട്ടിയ ഗുണ്ടകളെ നിലയ്ക്കു നിർത്താൻ പാവങ്ങളുടെ ആത്മഹത്യ വേണ്ടി വരുമോ..! കൊവിഡിന്റെ മറവിൽ ബ്ലേഡ് കമ്പനികളുടെ കൊള്ള;  വീട്ടിൽ കയറുമെന്ന ഭീഷണിയുമായി എച്ച്.ഡി.ബി ഗുണ്ടകൾ, ബജാജ് ഫിൻസെർവ്, ടി.വി.എസ് ഫിനാൻസ് കമ്പനികളുടെ ഗുണ്ടകൾ പണം പിരിക്കാൻ ഭീഷണിയും വിരട്ടും നടത്തുന്നു

വീട്ടിൽ കയറി നിന്റെ മൊബൈൽ എടുത്തുകൊണ്ടു പോകും: ടൈ കെട്ടിയ ഗുണ്ടകളെ നിലയ്ക്കു നിർത്താൻ പാവങ്ങളുടെ ആത്മഹത്യ വേണ്ടി വരുമോ..! കൊവിഡിന്റെ മറവിൽ ബ്ലേഡ് കമ്പനികളുടെ കൊള്ള; വീട്ടിൽ കയറുമെന്ന ഭീഷണിയുമായി എച്ച്.ഡി.ബി ഗുണ്ടകൾ, ബജാജ് ഫിൻസെർവ്, ടി.വി.എസ് ഫിനാൻസ് കമ്പനികളുടെ ഗുണ്ടകൾ പണം പിരിക്കാൻ ഭീഷണിയും വിരട്ടും നടത്തുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: വീട്ടിൽ കയറി നിന്റെ മൊബൈൽ എടുത്തുകൊണ്ടു പോകും. നിന്നെയും കുടുംബത്തെയും കിടന്നുറങ്ങാൻ സമ്മതിക്കില്ല..! ആയിരം രൂപയിൽ താഴെയുള്ള ഇ.എം.ഐ കൊവിഡ് ലോക്ക് ഡൗൺ സമയത്ത് അടച്ചില്ലെന്നതിന്റെ പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഗുണ്ടകൾ മുഴക്കുന്ന ഭീഷണികളിൽ ചിലത് മാത്രമാണ് ഇത്. വീടുകളിൽ കയറിയിറങ്ങി ആളുകളെ ഭീഷണിപ്പെടുത്തുന്ന ടൈകെട്ടിയ ഗുണ്ടാ സംഘങ്ങളായി ഇവർ മാറുകയാണ്. അക്ഷരാർത്ഥത്തിൽ കൊവിഡ് പ്രതിസന്ധിയിൽ തളരുന്ന സാധാരണക്കാരെ ആത്മഹത്യയിലേയ്ക്കു തള്ളി വിടുന്ന നിലപാടാണ് ഇപ്പോൾ ഈ സ്ഥാപനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.

എച്ച് ഡി ബി ബാങ്കിൻ്റെ ലോൺ എടുത്ത് മൊബൈൽ ഫോൺ വാങ്ങുകയും, ഇ എം ഐ കൃത്യമായി അടച്ചു പോരുകയും ചെയ്ത യുവാവിന് കോവിഡ് കാലത്ത് ജോലി നഷ്ടമായതോടെ ഇ എം ഐയും മുടങ്ങി. തുടർന്ന് എച്ച് ഡി ബി ബാങ്കിൻ്റെ ടൈ കെട്ടിയ ഗുണ്ടകൾ യുവാവിൻ്റെ വീട്ടിൽ കയറി ഫോൺ എടുത്തു കൊണ്ട് പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എച്ച്.ഡി.ബി, ബജാജ് ഫിൻസർവ്, ടി.വി.എസ് ഫിനാൻസ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ ജീവനക്കാരാണ് ഫോണിൽ വിളിച്ചു ഭീഷണി മുഴക്കുന്നതെന്നാണ് സാധാരണക്കാരായ ആളുകൾ വ്യാപകമായി പരാതിപ്പെടുന്നത്. കൊവിഡ് കാലത്തിനു മുൻപു വരെ കൃത്യമായി വായ്പയുടെ തവണകൾ അടച്ചിരുന്നവരാണ് ഈ ആളുകൾ. എന്നാൽ, കൊവിഡ് ലോക്ക് ഡൗണിൽ ജോലി നഷ്ടമായതോടെ പലരും പ്രതിസന്ധിയിലായി. ഇതിനിടെയാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും മോറട്ടോറിയം പ്രഖ്യാപിച്ചത്. ഈ മോറട്ടോറിയം കാലയളവിലെ ഇ.എം.ഐ തുക അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഗുണ്ടകളുടെ ഭീഷണി.

വീട്ടിലേയ്ക്കുള്ള ഇലക്ട്രോണിക് സാധനങ്ങൾ മുതൽ വാഹനങ്ങൾ വരെ ഇത്തരത്തിൽ ചെറിയ വായ്പയെടുത്താണ് പലരും വാങ്ങിയത്. കൊവിഡ് ലോക്ക് ഡൗണിനു ശേഷം വായ്പ അടയച്ചു തുടങ്ങാൻ ചെല്ലുമ്പോഴാണ് ധനകാര്യ സ്ഥാപനങ്ങളുടെ ഗുണ്ടാ ഭീഷണിയോടെയുള്ള കോളുകൾ വരുന്നത്. ഓട്ടോ ഡ്രൈവർമാരും, സ്വകാര്യ ബസ് ജീവനക്കാരും തീയറ്റർ ജീവനക്കാരും പണിയില്ലാതെ ബുദ്ധിമുട്ടുകയാണ്.

ഇതിനിടെയാണ് പലിശ ഈടാക്കലും ഇവരുടെ ഭീഷണിയും. ഇതിനെതിരെ പൊലീസിൽ പരാതിയുമായി എത്തിയാലും പ്രശ്നം പറഞ്ഞ് ഒതുക്കിത്തീർക്കുക അല്ലാതെ പൊലീസിനും നിലവിൽ മറ്റു മാർഗങ്ങൾ ഒന്നും ഇല്ല. കൊവിഡ് കാലത്ത് ആദ്യം മൂന്നു മാസവും, പിന്നീട് ആറു മാസവും രാജ്യത്ത് മുഴുവന കേന്ദ്ര സർക്കാരും, റിസർവ് ബാങ്കും മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിന്റെ സാങ്കേതികതയിൽ പിടിച്ചാണ് ഇപ്പോൾ ബാങ്കുകൾ തട്ടിപ്പ് നടത്തുന്നത്.

റിസർവ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം ഉപഭോക്താക്കൾക്ക് എല്ലാം ബാധകമാകുന്ന തരത്തിലായിരുന്നില്ല. ആവശ്യമുള്ളവർക്ക് മാത്രം മോറട്ടോറിയം തിരഞ്ഞെടുക്കാനുള്ള അനുവാദമാണ് റിസർവ് ബാങ്ക് നൽകിയിരുന്നത്. പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മോറട്ടോറിയം ആവശ്യമുണ്ടോ എന്നു മൊബൈലിൽ സന്ദേശം അയച്ചാണ് ഉപഭോക്താവിനെ അറിയിച്ചിരുന്നത്.

ഇതിൽ നടത്തിയ ചില തട്ടിപ്പുകളാണ് ഇപ്പോൾ സാധാരണക്കാരെ കുരുക്കാൻ ഈ ധനകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്. മോറട്ടോറിയം ആവശ്യമില്ലെങ്കിൽ ഓപ്ട് ഔട്ട് എന്ന ഓപ്ഷൻ സ്വീകരിക്കുന്നതിനാണ് പലർക്കും സന്ദേശം വന്നിരുന്നത്. ഫോണിൽ വന്ന എസ്.എം.എസ് സന്ദേശത്തോടു പ്രതികരിക്കാതിരുന്നാൽ സ്വാഭാവികമായും മോറട്ടോറിയത്തിൽ നിന്നും പുറത്താകുമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ, സന്ദേശം വിശ്വസിച്ച് പലരും എസ്.എം.എസുകളോട് പ്രതികരിക്കാതെ ഇരുന്നു.

എന്നാൽ, മോറട്ടോറിസം കാലാവധി കഴിഞ്ഞതിനു പിന്നാലെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തനി സ്വരൂപം കാട്ടിയത്. മോറട്ടോറിയം ലഭിച്ചിട്ടില്ലെന്നും ഒരു മാസത്തെ ഇ.എം.ഐയും 500 രൂപ ചെക്ക് ബൗൺസ് ചാർജും സഹിതം നൽകണമെന്നാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഭീഷണി.