പത്തു ദിവസത്തിനിടെ നാലു കേസുകൾ; ഗുണ്ടാ സംഘാംഗങ്ങളായ ഇരുപത് പേരെ തൂത്തുവാരി ജയിലിലാക്കി ഗാന്ധിനഗർ പൊലീസ്; അറസ്റ്റും നടപടിയും സജീവമായതോടെ ഗുണ്ടാ സംഘങ്ങൾ ഒതുങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: പത്തു ദിവസത്തിനിടെ പരസ്പരം ഏറ്റുമുട്ടിയത് അടക്കം നാലു ക്രിമിനൽക്കേസുകളുമായി വീണ്ടും സജീവമാകാനൊരുങ്ങിയ ഗുണ്ടാ സംഘങ്ങളെ കൃത്യമായ ആക്ഷനിലൂടെ ഒതുക്കി ഗാന്ധിനഗർ പൊലീസ്.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശത്തെ തുടർന്നു ഗാന്ധിനഗർ പൊലീസ് നടത്തിയ കൃത്യമായ ഇടപെടലാണ് ഗുണ്ടാ സംഘങ്ങൾക്കു വിലങ്ങിടുന്നതിനും സഹായകരമായി മാറിയത്. ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ അരുൺ ഗോപൻ, അലോട്ടി എന്നിവരുടെ സംഘാംഗങ്ങളായ ഇരുപത് പേരാണ് പത്തു ദിവസത്തിനിടെ ഗാന്ധിനഗർ പൊലീസിന്റെ കൃത്യമായ ആക്ഷനിലൂടെ അകത്തായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമ പ്രവർത്തനങ്ങൾക്ക് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഒളിവിൽ പോയ പ്രതികളെ അവരുടെ മടയിൽ കയറി പിടികൂടുകയായിരുന്നു പൊലീസ്. മെഡിക്കൽ കോളജ് പരിസരത്തു നിന്നും യൂവാവിനെ തട്ടിക്കൊണ്ടു പോയ കേസ്സിൽ ഒളിവിലായിരുന്ന മൂന്നു പ്രതികളെ തിരുവല്ലയിൽ നിന്നും പിടികൂടിയിരുന്നു.
ഇത് കൂടാതെ, ഏറ്റുമാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന ആൽബിൻ ബിജു, ബിബിൻ ബെന്നി, അശ്വിൻ സുരേന്ദ്രൻ എന്നിവരെ ചിങ്ങവനത്തു നിന്നും പൊലീസ് പിടികൂടി. തുടർന്നു ഇവരെ ഏറ്റുമാനൂർ പൊലീസിനു കൈമാറി.
ഫെയ്‌സ്ബുക്ക് വഴി പരസ്പരം വെല്ലുവിളിക്കുകയും, വീട് കയറി ആക്രമണം നടത്തുകയും ചെയ്ത ഗുണ്ടാ സംഘാംങ്ങളായ പ്രതികളെ ഒളി സങ്കേതത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ ഏറ്റുമുട്ടിയ ഗുണ്ടാ സംഘാംഗങ്ങളായ പ്രതികളെ, രണ്ടു കിലോമീറ്ററോളം ദൂരം ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. ഈ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു പ്രതികളെ ഇടുക്കി അടിമാലിയിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്.
അടിമാലി വെള്ളത്തൂവലിൽ കാടിനുള്ളിൽ കഴിഞ്ഞിരുന്ന പ്രതികളെയാണ് സാഹസികമായി പൊലീസ് സംഘം കുടുക്കിയത്. കത്തികാട്ടി ഭീഷണിപ്പെടുത്തി മാല മോഷ്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെയും ഗാന്ധിനഗർ പൊലീസ് തന്നെയാണ് പിടികൂടിയത്. ഗുണ്ടാ സംഘാത്തലവൻ അലോട്ടിയെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ വച്ച് പൊലീസിനെ ആക്രമിച്ചു രക്ഷപെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെയും പിടികൂടി വെസ്റ്റ് പൊലീസിനു കൈമാറിയതും ഗാന്ധിനഗർ പൊലീസ് തന്നെയാണ്.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ എന്നിവരുടെ നിർദേശാനുസരണം, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് ആക്ഷൻ. ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ പ്രശോഭ് കെ.കെ, എ.എസ്.ഐ പി.വി മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീണോ, അനീഷ്, രാഗേഷ്, പ്രവീൺ പി.നായർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.