മുൻ ആഭ്യന്തര മന്ത്രിയുമായി അടക്കം ബന്ധം: ഗുണ്ട അരുൺ ഗോപൻ കഴിയുന്നത് മുൻ കർണ്ണാടക ആഭ്യന്തര മന്ത്രിയുടെ തണലിൽ; ഹണിട്രാപ്പ് കേസിലെ മുഖ്യആസൂത്രകൻ അരുൺ ഗോപന് പൊലീസിലും രാഷ്ട്രീയത്തിലും സംരക്ഷകർ; അരുൺ ഗോപനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിലെ ഗുണ്ടാ മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ സജീവമായി ര്ംഗത്തിറങ്ങിയ ജില്ലാ പൊലീസിനു വെല്ലുവിളിയായി ഹണിട്രാപ്പ് കേസിലെ മുഖ്യ ആസൂത്രകൻ അരുൺ ഗോപൻ. ഒരു മാസം മുൻപ് അരുൺ ഗോപനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിയ്ക്കുകയും, അരുണിനെ പിടികൂടുന്നതിനായി പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെയും ഇയാളെപ്പറ്റി കൃത്യമായ സൂചനകളൊന്നും ലഭിച്ചില്ല.
രണ്ടു മാസത്തിലേറെയായി ഒളിവിൽ കഴിയുന്ന ഗുണ്ട അരുൺ ഗോപനെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന അന്വേഷണ സംഘം വിപുലീകരിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് മുൻ കർണ്ണാടക ആഭ്യന്തരമന്ത്രിയായ മലയാളിയുടെ തണലിലാണ് ഇയാൾ കഴിയുന്നത് എന്ന സൂചന തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചത്. കർണ്ണാടകത്തിൽ പ്രത്യേകിച്ച് ബംഗളൂരുവിൽ ഇയാൾക്ക് നിരവധി ബന്ധങ്ങളുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് പ്രതി ഒളിവിൽ കഴിയുന്നത് എന്നതാണ് ലഭിക്കുന്ന സൂചനകൾ. അരുണിനെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം കോട്ടയം വെസ്റ്റ് പൊലീസാണ് കഴിഞ്ഞ നവംബർ 14 ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ചിങ്ങവനം സ്വദേശിയായ സ്വർണ വ്യാപാരിയെ കളക്ടറേറ്റിനു സമീപത്തെ ലോഡ്ജിൽ വിളിച്ചു വരുത്തിയ ശേഷം സ്ത്രീകളെ ഒപ്പമിരുത്തി ചിത്രമെടുത്താണ് പ്രതികൾ കുടുക്കിയത്. ഈ സംഭവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകൻ കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൌഷാദ് (പുയ്യാപ്ല നൗഷാദ് -41) , ഇയാളുടെ മൂന്നാം ഭാര്യ കാസർഗോഡ് തൃക്കരിപ്പൂർ എളംബച്ചി വില്ലേജിൽ പുത്തൻ പുരയിൽ വീട്ടിൽ മെഹ്മൂദ് കളപ്പുരക്കൽ മകൾ ഫസീല (34), കാസർകോട് പടന്ന ഉദിനൂർ അൻസാറിന്റെ ഭാര്യ സുമ (30), കാസർഗോഡ് പടന്ന ഉദിനൂർ പോസ്റ്റൽ അതിർത്തിയിൽ ഇബ്രാഹിം മകൻ അൻസാർ(23) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ മുഖ്യ ആസൂത്രകൻ അരുൺ ഗോപനാണ് എന്നു കണ്ടെത്തിയത്. തുടർന്നു, പൊലീസ് ഇയാൾക്കായി കണ്ണൂരിലും ബംഗളൂരുവിലും അടക്കം അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. ഇതേ തുടർന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് അരുൺ ഗോപനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
എന്നാൽ, പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിയ്ക്കുകയും അരുൺ ഗോപനായി അന്വേഷണം ശക്തമാക്കുകയും ചെയ്തിട്ടും ഇയാൾ ഇപ്പോഴും ജില്ലയിലെ വിവിധ മേഖലകളിൽ സജീവമായുണ്ട്. കഞ്ചാവ് കച്ചവടവും, ക്രിമിനൽ പ്രവർത്തനങ്ങളുമായി സജീവമായ ഇയാൾക്കു രാഷ്ട്രീയത്തിലും പൊലീസിലും ഉന്നത ബന്ധങ്ങളുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഈ ബന്ധങ്ങളുള്ളതിനാലാണ് അരുൺ ഗോപൻ ഇപ്പോഴും പൊലീസിന്റെ കണ്ണ് വെട്ടിച്ച് കറങ്ങി നടക്കുന്നതെന്നാണ് സൂചന.