സർക്കാരിനെ നാണം കെടുത്താൻ തുനിഞ്ഞിറങ്ങി സിപിഎം പ്രവർത്തകർ: കൊറോണ ദുരിത ബാധിതർക്ക് സർക്കാർ അരി നൽകുമ്പോൾ സിപിഎം പ്രവർത്തകർ നൽകുന്നത് അടി; കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞ അച്ഛനെയും മകളെയും കോന്നിയിൽ വീട് കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായത് സിപിഎം പ്രവർത്തകർ

സർക്കാരിനെ നാണം കെടുത്താൻ തുനിഞ്ഞിറങ്ങി സിപിഎം പ്രവർത്തകർ: കൊറോണ ദുരിത ബാധിതർക്ക് സർക്കാർ അരി നൽകുമ്പോൾ സിപിഎം പ്രവർത്തകർ നൽകുന്നത് അടി; കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞ അച്ഛനെയും മകളെയും കോന്നിയിൽ വീട് കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായത് സിപിഎം പ്രവർത്തകർ

Spread the love

തേർഡ് ഐ ബ്യൂറോ

പത്തനംതിട്ട: കൊറോണ പ്രതിരോധത്തിനായി കയ്യും മെയ്യും മറന്ന് സർക്കാർ പോരാടുമ്പോൾ, ദുരിത ബാധിതർക്ക് അരിയെത്തിച്ചു നൽകുമ്പോൾ കൊറോണ നിരീക്ഷണത്തിൽ കഴിയുന്നവർക്കു പോലും അടി കൊടുക്കുകയാണ് ഒരു സംഘം സിപിഎം പ്രവർത്തകർ.

കൊറോണ നിരീക്ഷണം ലംഘിച്ചു പുറത്തിറങ്ങിയാൽ കേസെടുക്കാൻ പൊലീസും നടപടിയെടുക്കാൻ ആരോഗ്യ വകുപ്പും ഉള്ളപ്പോഴാണ് കല്ലും കുറുവടിയുമായെത്തി സിപിഎം പ്രവർത്തകർ നിയമം നടപ്പാക്കാൻ തുനിഞ്ഞിറങ്ങുന്നത്. നാട് അഭിമാനത്തോടെ കാണുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കാലത്താണ് ഒരു സംഘം സിപിഎം പ്രവർത്തകർ ഗുണ്ട മനസുമായി രംഗത്തിറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിനിയുടെ വീട് ആക്രമിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകരും തണ്ണിത്തോട് സ്വദേശികളുമായ മോഹനവിലാസത്തിൽ രാജേഷ് (46), പുത്തൻപുരയ്ക്കൽ അശോകൻ (43), അശോക് ഭവനത്തിൽ അജേഷ് (46) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിലെ സഖാക്കളുടെ ബന്ധം പുറത്തായത്. യുവതിയുടെ വീട് ആക്രമിച്ച കേസിൽ സിപിഎം ബന്ധം പുറത്തു വന്നിട്ടു പോലും ശക്തമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. ആരാണെങ്കിലും അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണമെന്നു മുഖ്യമന്ത്രി കർശന നടപടി നിർദേശിച്ചതോടെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച പ്രാദേശിക സിപിഎം നേതാക്കൾ പോലും വെട്ടിലായി.

കോയമ്പത്തൂരിലെ കോളേജിൽ നിന്നുമെത്തി തണ്ണിത്തോട്ടിലെ വീട്ടിൽ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ പിതാവ് ചുറ്റി തിരിഞ്ഞ് നടക്കുന്നുവെന്നാരോപിച്ചായിരുന്നു ഒരു വിഭാഗം പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ വീടിനു നേരെ ആക്രമണം നടത്തിയത്. പിതാവിനെ ആക്രമിക്കുമെന്ന് നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുണ്ടായ ഭീഷിണിയെ തുടർന്ന് വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

ഇതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി 8 ഓടെ ബൈക്കുകളിലെത്തിയ 6 അംഗ സംഘം തണ്ണിത്തോട് മേക്കണ്ണത്തുള്ള വീടിനു നേരെ ആക്രമണം നടത്തിയത്. സംഭത്തിൽ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

വിദ്യാർത്ഥിനിയുടെ വീടിനു നേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിനായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരിൽ നിന്നും എത്തിയ വിദ്യാർത്ഥിനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റുകൾ പ്രചരിപ്പിച്ചു. കുട്ടിയുടെ അച്ഛന് നേരെ വധഭീഷണിയും ഉണ്ടായി. ജീവന് ഭീഷണിയുണ്ടെന്നും ഇടപെടണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് പരാതി നൽകിയതിനു പിന്നാലെയാണ് ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും പൊലീസിനൊപ്പം നാട്ടുകാരും ഇത്തരം കുത്സിത പ്രവർത്തകർക്കെതിരെ രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ജാഗ്രത ഇത്തരം കാര്യങ്ങൾക്ക് നേരെയും ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ സിപിഎം പ്രാദേശിക പ്രവർത്തകർ ഉൾപ്പെട്ടതായി മാധ്യമ പ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, ഏതു പാർട്ടിക്കാരായാലും അതനുവദിക്കില്ലെന്നും കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.