സർക്കാർ ഓഫീസുകളിൽ കാലിയായി സീറ്റുകൾ ; ഒപ്പിട്ട് മുങ്ങുന്ന ഉദ്യോഗസ്ഥർ ട്യൂഷൻ ക്ലാസ്സുകളിലേക്ക്

സർക്കാർ ഓഫീസുകളിൽ കാലിയായി സീറ്റുകൾ ; ഒപ്പിട്ട് മുങ്ങുന്ന ഉദ്യോഗസ്ഥർ ട്യൂഷൻ ക്ലാസ്സുകളിലേക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിൽ കാലിയായി സീറ്റുകൾ, ഉദ്യോഗസ്ഥരാകട്ടെ ട്യൂഷൻ ക്ലാസ്സുകളിലും. കെ.എ.എസ്.എന്ന മോഹസ്വപ്നം നേടിയെടുക്കാനുള്ള പഠനത്തിരക്കിലാണവർ. കേന്ദ്ര സിവിൽ സർവീസ് മാതൃകയിൽ കേരളത്തിൽ നടപ്പിലാക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) കയറിപറ്റുന്നതിനാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടിസമയത്തും പഠിതാക്കളായിരിക്കുന്നത്.

അടുത്ത വർഷം ഫെബ്രുവരി 22നാണ് കെ.എ.എസ് പ്രാഥമിക പരീക്ഷ നടത്താൻ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. ഒ.എം.ആർ മാതൃകയിലുള്ള പരീക്ഷയ്ക്ക് മൂന്നു വിഭാഗങ്ങളിലായി 5,76,243 അപേക്ഷകരാണുള്ളത്. ഇതിൽ സർക്കാർ ഉദ്യോഗസ്ഥരായ ഗസറ്റഡ് റാങ്കിനുപുറത്തുള്ള 26,950 പേരും ഒന്നാം ഗസറ്റഡ് തസ്തികയിലുള്ള 1,750 പേരും അപേക്ഷിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരിൽ പലരും ഡ്യൂട്ടി സമയത്തു സ്വകാര്യ സ്ഥാപനങ്ങളിൽ ട്യൂഷനായി പോകുന്നു എന്നാണ് ആക്ഷേപം. രാവിലെയും വൈകീട്ടുമായി ജോലിയെ ബാധിക്കാത്ത തരത്തിൽ ട്യൂഷനു പോകുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ കുറച്ചുപേർ നിയമാനുസൃതം ലീവ് പോലും എടുക്കാതെ ഓഫീസിൽ നിന്നും ഒപ്പിട്ട് മുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക വർഷം അവസാനിക്കുവാൻ മൂന്ന് മാസം മാത്രം ശേഷിക്കവേയാണ് ഫയലുകൾ മാറ്റിവച്ച് ഉയർന്ന കസേര കൊതിച്ച് ട്യൂഷൻ ക്ലാസുകളിലേക്ക് ഉദ്യോഗസ്ഥർ മുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group