സർക്കാരും മാധ്യമങ്ങളും തോറ്റു: വിജയിച്ച് ഐ.എ.എസ് ലോബി; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; കസ്റ്റഡി അപേക്ഷ പോലും തള്ളിക്കളഞ്ഞ് കോടതി

സർക്കാരും മാധ്യമങ്ങളും തോറ്റു: വിജയിച്ച് ഐ.എ.എസ് ലോബി; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; കസ്റ്റഡി അപേക്ഷ പോലും തള്ളിക്കളഞ്ഞ് കോടതി

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ അന്തിമവിജയം തലസ്ഥാനത്തെ ഐ.എ.എസ് ലോബിയ്‌ക്കൊപ്പം. തലസ്ഥാനത്ത് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ഒരു ദിവസം പോലും ജയിലിൽ കിടത്താൻ പൊലീസിനായില്ല. മാധ്യമങ്ങളുടെ അമിത സമ്മർദത്തെയും പരാജയപ്പെടുത്തി ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിൽ ആംബുലൻസിൽ എത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇപ്പോൾ ശ്രീറാമിനെ കോടതി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്.
അപകടമരണവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിൻറെ ആവശ്യം കോടതി തള്ളി. സംഭവത്തിന്റെ കേസ് ഡയറി കോടതിയിൽ പൊലീസ് ഹാജരാക്കുകയും ചെയ്തു. ശ്രീറാമിൻറെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതി നിർദേശിച്ചത് അനുസരിച്ചാണ് കേസ് ഡയറി കോടതിയിൽ ഹാജരാക്കിയത്. ശ്രീറാം വെങ്കിട്ടരാമനെ ജേക്കബ് തോമസിനെപ്പോലെയാക്കരുതെന്ന് ശ്രീറാമിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രീറാം വെങ്കിട്ടരാമൻറെ ജാമ്യാപേക്ഷ പരിഗണിച്ചത്. ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. ശ്രീരാമിന് നട്ടല്ലിനും തലയ്ക്കും പരുക്കുണ്ട്. മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ശ്രീരാമിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥൻറെ നിയമലംഘനം ന്യായീകരിക്കാനാവില്ലെന്ന് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു. മാധ്യമ പ്രവർത്തകനെയല്ല ആരെ ഇടിച്ചാലും ഇതേ നിലപാടാണ് ഉള്ളതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കേസ് ഡയറി പരിശോധിച്ച ശേഷം ജാമ്യാപേക്ഷയിൽ തീരുമാനം പറയാമെന്ന് കോടതി വ്യക്തമാക്കി. വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്തുപോയതിനെ കോടതി വിമർശിച്ചു. അന്വേഷണത്തിൻറെ ഭാഗമായി ചോരരുതെന്ന നിർദ്ദേശത്തോടെ തന്ന മൊഴി എങ്ങനെ ചേർന്നുവെന്നും കോടതി ചോദിച്ചു.
സംഭവം നടന്ന കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി മുതൽ അമിത സമ്മർദമാണ് ഈ വിഷയത്തിൽ കേരളത്തിലെ മാധ്യമങ്ങൾ നടത്തിയിരുന്നത്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം, സ്വകാര്യ ആശുപത്രിയിലെ ആഡംബരത്തിലേയ്ക്ക് രക്ഷ തേടി പോയ ശ്രീറാമിനെ ആശുപത്രിയിൽ നിന്നു പുറത്തെത്തിക്കാൻ മാധ്യമങ്ങളുടെ സമ്മർദത്തിന് സാധിച്ചിരുന്നു. എന്നാൽ, ഇതിനു ശേഷം യാതൊരു വിധ സമ്മർദത്തിനും ഐ.എ.എസ് ലോബിയുടെ ഇടപെടിനെ ചെറുക്കാൻ സാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ശ്രീറാം ജയിലിൽ പോകുന്നത് ഒഴിവാക്കാൻ ഐ.എ.എസ് ലോബി കൃത്യമായി ഇടപെട്ടതോടെ, മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് ശ്രീറാം കഴിഞ്ഞ ദിവസങ്ങളിലെല്ലാം കിടന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ ശ്രീറാം സുഖമായി പുറത്തിറങ്ങിയത്.
സംസ്ഥാന സർക്കാരിനെ മുൾ മുനയിൽ നിർത്തി, തെളിവുകൾ ഓരോന്നായി നശിപ്പിച്ച ശേഷമാണ് ഐ.എ.എസ് ലോബി ശ്രീറാമിന്റെ ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയത്. ഇത് കോടതിയിൽ ഏറെ ഗുണം ചെയ്യുകയും ചെയ്തു. പൊലീസ് കസ്റ്റഡി അപേക്ഷ തള്ളിയ കോടതി, ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പോലും അംഗീകരിച്ചില്ല.