സ്വർണ്ണക്കടത്ത് ഏറ്റവും കൂടുതൽ കേരളത്തിൽ ; കസ്റ്റംസ് കമ്മീഷണർ

സ്വർണ്ണക്കടത്ത് ഏറ്റവും കൂടുതൽ കേരളത്തിൽ ; കസ്റ്റംസ് കമ്മീഷണർ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: രാജ്യത്തേക്കൊഴുകുന്ന സ്വർണത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കാണെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറച്ച് മാസമായി സംസ്ഥാനത്ത് സ്വർണക്കടത്ത് വ്യാപകമാണ്. അനധികൃത സ്വർണം ഉത്സവ സീസണുകളിൽ കൈമാറ്റം ചെയ്യുന്നുവെന്നാണ് കസ്റ്റംസ് ശേഖരിച്ച വിവരങ്ങളിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ കസ്റ്റംസ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വർഷം സെപ്തംബർ 30 വരെ 277 കേസുകളിലായി 44 കോടിയുടെ 150.5 കിലോ സ്വർണം പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇക്കാലയളിൽ 301 കേസുകളിലായി 28 കോടി രൂപ വിലമതിക്കുന്ന 101 കിലോ സ്വർണമാണ് പിടികൂടിയത്. രണ്ടു ദിവസമായി കസ്റ്റംസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ 123 കിലോ സ്വർണം പിടികൂടി.
അന്തർസംസ്ഥാന ബസുകൾ, ട്രെയിനുകൾ എന്നിവ വഴിയാണ് സ്വർണം കേരളത്തിലെത്തുന്നത്. ഇത്തരത്തിൽ സ്വർണം കടത്തിയ 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് കൂടുതൽ സ്വർണക്കടത്ത് പിടികൂടിയത്.
ഒരു കിലോ സ്വർണം കണ്ടെത്താൻ വിവരം നൽകുന്നയാൾക്ക് 1,50,000 രൂപ പാരിതോഷികം ലഭിക്കും. 50 ശതമാനം അഡ്വാൻസായി നൽകുമെന്നും കമ്മിഷണർ അറിയിച്ചു.