സ്വർണ്ണമിട്ട് മൂടിയ വമ്പൻമാരെ പൊക്കാൻ എൻ.ഐ.എ ഇറങ്ങുന്നു: സ്വർണ്ണക്കടത്ത് കേസ് എൻ.ഐ.എയ്ക്ക്; സമ്പൂർണ പിൻതുണയുമായി യു.എ.ഇ; തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത് നയതന്ത്ര ഉദ്യോഗസ്ഥരെ; സ്വർണ്ണം കൈമാറാനിരുന്ന വമ്പൻമാരെ തപ്പി വരുന്നു ദേശീയ അന്വേഷണ ഏജൻസി

സ്വർണ്ണമിട്ട് മൂടിയ വമ്പൻമാരെ പൊക്കാൻ എൻ.ഐ.എ ഇറങ്ങുന്നു: സ്വർണ്ണക്കടത്ത് കേസ് എൻ.ഐ.എയ്ക്ക്; സമ്പൂർണ പിൻതുണയുമായി യു.എ.ഇ; തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത് നയതന്ത്ര ഉദ്യോഗസ്ഥരെ; സ്വർണ്ണം കൈമാറാനിരുന്ന വമ്പൻമാരെ തപ്പി വരുന്നു ദേശീയ അന്വേഷണ ഏജൻസി

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ പോലും സാരമായി ബാധിക്കാമായിരുന്ന രാജ്യാന്തര ഡിപ്ലോമാറ്റിക്ക് കള്ളക്കടത്ത് സംഘത്തെപ്പറ്റി അന്വേഷിക്കാൻ എൻ.ഐ.എ ഇറങ്ങുമ്പോൾ ഭയപ്പെടേണ്ടത് സംസ്ഥാനത്തെ വമ്പൻമാർ. സംസ്ഥാനത്തെ ജുവലറി മാഫിയ സംഘത്തിലെ പ്രധാനികൾ തന്നെയാണ് ഇപ്പോഴത്തെ സ്വർണ്ണക്കടത്തിനും വിവാദങ്ങൾക്കും പിന്നിലെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തുകഴിഞ്ഞാൽ, ഈ മാഫിയ സംഘത്തെപ്പറ്റി കൃത്യമായ വിവരം ലഭിക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇതിനിടെ, സ്വർണക്കടത്തു കേസ് ഇന്ത്യൻ നിയമം ബാധകമല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥരുടെ ചുമലിലാക്കി തലയൂരാനുള്ള കള്ളക്കടത്തു മാഫിയയുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണ് മുഖ്യ ആസൂത്രക സ്വപ്ന മുൻകൂർ ജാമ്യാപേക്ഷയിൽ നൽകിയതെന്ന രഹസ്യവിവരവും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. യു.എ.ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ- സഅബിയുടെ നിർദ്ദേശപ്രകാരമാണ് കാർഗോ വിട്ടുകിട്ടാൻ കസ്റ്റംസ് അസി. കമ്മിഷണറെ വിളിച്ചതെന്നാണ് സ്വപ്നയുടെ മൊഴി. കോൺസൽ ജനറലിനെ ഇവിടെ വിചാരണ ചെയ്യാനോ ശിക്ഷാക്കാനോ ഇന്ത്യയ്ക്കാവില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺസൽ ജനറലിനു പുറമെ നയതന്ത്ര പരിരക്ഷയുള്ള രണ്ട് അഡ്മിനിസ്‌ട്രേറ്റീവ് അറ്റാഷെമാരും തിരുവനന്തപുരത്തെ കോൺസുലേറ്റിലുണ്ട്. ഇവരെ ചോദ്യം ചെയ്യണമെങ്കിൽപ്പോലും യു.എ.ഇയുടെ അനുമതി വേണം. ഇതു മുൻകൂട്ടിക്കണ്ടാണ് കേസിലേക്ക് ഇവരെ വലിച്ചിഴയ്ക്കാനുള്ള ആസൂത്രിത ശ്രമം. ഇവരെ പ്രതി ചേർത്താലും ഇന്ത്യയിലെ കോടതികളിൽ ഹാജരാക്കാതെ, മാതൃരാജ്യത്തിന് കൈമാറണം. നടപടിക്രമങ്ങളിലെ പിഴവാക്കി കേസ് ദുർബലമാക്കാനുമാവും.

സ്വപ്ന പറയുന്നതിനു വിരുദ്ധമാണ് അറ്റാഷെ കസ്റ്റംസിന് നൽകിയ മൊഴി. ബാഗേജിലെ ഭക്ഷ്യവസ്തുക്കൾ ഒഴികെയുള്ളവ തങ്ങളുടേതല്ലെന്നാണ് കാർഗോ ഏറ്റെടുക്കാൻ വിമാനത്താവളത്തിലെത്തിയ അറ്റാഷെ പറഞ്ഞത്. ഡിപ്ലോമാറ്റിക് കാർഗോ ദുരുപയോഗം ചെയ്‌തെന്ന് ഇതിൽനിന്ന് വ്യക്തമാണ്. മൊഴി കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരം കസ്റ്റംസ് അസി.കമ്മിഷണർക്ക് ഇ-മെയിൽ അയച്ചെന്നും വിളിച്ചെന്നുമാണ് സ്വപ്ന പറയുന്നത്. എന്നാൽ കോൺസുലേറ്റ് ഇത് സ്ഥിരീകരിച്ചിട്ടില്ല. കോൺസുലേറ്റിലെ സ്വാധീനം ഉപയോഗിച്ച് കാർഗോ വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.

ഇതിനിടെ കേസ് അന്വേഷണത്തിനു യു.എ.ഇ ഇന്ത്യയ്ക്കു സമ്പൂർണ്ണ പിൻതുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എൻ.ഐ.എ അന്വേഷിക്കുന്നതിനൊപ്പം യു.എ.ഇയിലെ അന്വേഷണ ഏജൻസിയും പ്രത്യേക അന്വേഷണം നടത്തും. ഇത് രണ്ടും ഒരേ സമയം ഏകോപിപ്പിച്ചുകൊണ്ടാകും മുന്നോട്ടു പോകുകയെന്നും വിവരം ലഭിച്ചിട്ടുണ്ട്.