കടത്തിയുണ്ടാക്കിയതും, പറ്റിച്ചുണ്ടാക്കിയതും എല്ലാം പോകും; സ്വർണക്കടത്ത് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

കടത്തിയുണ്ടാക്കിയതും, പറ്റിച്ചുണ്ടാക്കിയതും എല്ലാം പോകും; സ്വർണക്കടത്ത് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത്, ഫൈസൽ ഫാരിദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷൻ ഐജിക്ക് കത്ത് നൽകി. ഇവരുടെ പേരിൽ കഴിഞ്ഞ വർഷങ്ങളിൽ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിശദാംശങ്ങൾ നൽകാനും രജിസ്‌ട്രേഷൻ ഐജിക്ക് നൽകിയ കത്തിൽ ഇഡി ആവശ്യപ്പെട്ടു.

സ്വത്തുക്കൾ പിന്നീട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. പ്രതികളുടെയും സംരക്ഷകരുടെയും ബിനാമി, കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി സ്വർണക്കടത്ത് കേസിലെ കുരുക്ക് മുറുക്കാനാണ് ഇഡി ശ്രമം. പ്രതികളുടെ സ്വത്തുകൾ കൈമാറ്റം ചെയ്യുന്നതു തടയുന്നതിന്റെ ഭാഗമായാണ് മരവിപ്പിക്കൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

100 കോടിയുടെ സ്വർണമാണ് കള്ളക്കടത്ത് നടത്തിയത്. ഇത് വാങ്ങാൻ പണം എങ്ങനെ ലഭിച്ചെന്നും ഏതുവഴിയാണ് പണം വിദേശത്ത് എത്തിച്ചതെന്നും ഇഡി അന്വേഷിക്കും. കേസിൽ വിദേശത്ത് ഹവാലാപണമിടപാട് നടന്നതിനാൽ ഫെമ (ഫോറിൻ മണി മാനേജ്‌മെന്റ് ആക്ട്) പ്രകാരം ഇഡിക്ക് അന്വേഷിക്കാനാവും.

പ്രതികളുടെ ബിനാമി ഇടപാടുകളും ഇഡി പരിശോധിക്കും. സ്വപ്നയ്ക്ക് നഗരമദ്ധ്യത്തിൽ കൂറ്റൻ ഫ്ളാറ്റ്സമുച്ചയമുണ്ടെന്നാണ് സൂചന. സന്ദീപിന് കേരളത്തിൽ പതിനൊന്ന് സ്ഥാപനങ്ങളുണ്ട്. പത്തനംതിട്ടയിലെ വൻ കാർവ്യാപാര സ്ഥാപനം ജൂലായ് 11ന് മന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്നതാണ്.

ഏറെക്കാലം ജോലിചെയ്ത എയർ ഇന്ത്യ സാറ്റ്സിൽ ഇരുപതിനായിരം രൂപയ്ക്കടുത്തായിരുന്നു സ്വപ്നയുടെ ശമ്പളം . കോൺസുലേറ്റിലും സ്‌പേസ് പാർക്കിലും ഒരുലക്ഷത്തിലേറെ ശമ്പളമുണ്ടായിരുന്നെങ്കിലും ഇവിടെ ജോലി ലഭിച്ചിട്ട് മൂന്നു വർഷമേ ആയിട്ടുള്ളൂ. സ്വത്തുക്കളുടെ സ്രോതസ് സ്വപ്നയ്ക്ക് വ്യക്തമാക്കേണ്ടിവരും. വരവിൽ കവിഞ്ഞ് ഇരുപത് ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇഡിക്ക് വിശദമായ സ്വത്ത് പരിശോധന നടത്താം. ഇഡി അറസ്റ്റ് ചെയ്താൽ മൂന്ന് മാസത്തേക്ക് ജാമ്യം ലഭിക്കില്ല.