play-sharp-fill
പെൺകുട്ടികൾക്ക് രക്ഷയില്ലാത്ത നാടായി കേരളം മാറുന്നുവോ: വീടിനുള്ളിൽ കിടന്ന യുവതിയ്ക്ക് നേരെ വീണ്ടും പെട്രോൾ ആക്രമണം; കിടപ്പുമുറിയുടെ ഓട് ഇളക്കിമാറ്റി പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു: പ്രാണരക്ഷാർത്ഥം ഓടിയ പെൺകുട്ടി രക്ഷപെട്ടു; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പെൺകുട്ടികൾക്ക് രക്ഷയില്ലാത്ത നാടായി കേരളം മാറുന്നുവോ: വീടിനുള്ളിൽ കിടന്ന യുവതിയ്ക്ക് നേരെ വീണ്ടും പെട്രോൾ ആക്രമണം; കിടപ്പുമുറിയുടെ ഓട് ഇളക്കിമാറ്റി പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു: പ്രാണരക്ഷാർത്ഥം ഓടിയ പെൺകുട്ടി രക്ഷപെട്ടു; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന്റെ മുകളിൽ കയറി ഓട് ഇളക്കിമാറ്റി മുറിയ്ക്കുള്ളിലേയ്ക്ക് പെട്രോൾ ഒഴിച്ച് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയ്ക്കുശേഷം തട്ടാമലയിൽ പെൺകുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. വർക്കല ചെറുന്നിയൂർ വടശ്ശേരിക്കോണം ചാണിക്കൽ ചാമവിളവീട്ടിൽ ഷിനു (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ ചുട്ടുകൊന്നതിന്റെ നടുക്കം മാറുംമുൻപേയാണ് യുവതിയ്ക്കു നേരെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനുള്ള ആക്രമണം ഉണ്ടായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പെൺകുട്ടി ചാത്തന്നൂർ കോളേജിൽ പഠിക്കാനെത്തിയപ്പോഴാണ് ഷിനു പരിചയപ്പെടുന്നത്. ഇയാളുടെ ബന്ധുവിന്റെ കൂട്ടുകാരിയായിരുന്നു പെൺകുട്ടി. പെൺകുട്ടിയോട് പ്രണയം തോന്നിയ ഷിനു വിവാഹാഭ്യർഥനയുമായി വീട്ടിൽ എത്തിയിരുന്നു. പെൺകുട്ടിക്കും വീട്ടുകാർക്കും ഈ വിവാഹത്തോട് താത്പര്യമില്ലായിരുന്നു. ഈ വിവരം വീട്ടുകാർ യുവാവിനെ അറിയിച്ചു. പ്രകോപിതനായ ഷിനു ചാത്തന്നൂരിൽവെച്ച് മൂന്നുമാസം മുൻപ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച വൈകീട്ട് പെൺകുട്ടി വീട്ടിനുപുറത്ത് നിൽക്കുമ്പോൾ ഷിനു ബൈക്കിൽ വരുന്നത് കണ്ടു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ പെൺകുട്ടി ഭയന്ന് വീട്ടിൽക്കയറി കതകടച്ചശേഷം ബന്ധുവിനെ ഫോണിൽ വിവരമറിയിച്ചു. വീടിനുചുറ്റും നടന്ന് തട്ടിവിളിച്ച ഷിനു പിന്നീട് പടവുകളിലൂടെ മേൽക്കൂരയിൽ കയറി ഓടിളക്കി വീടിനകത്തുകടന്നു. കതക് തട്ടിത്തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഇയാൾ ഏറെനേരം ബഹളമുണ്ടാക്കാതെ മറഞ്ഞുനിന്നു. യുവാവ് പോയെന്നുകരുതി കതകുതുറന്ന പെൺകുട്ടിയുടെ ദേഹത്തേക്ക് ഇയാൾ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചു. പെട്രോൾ കുപ്പി തട്ടിത്തെറിപ്പിച്ച് നിലവിളിച്ച് പെൺകുട്ടി പുറത്തേക്കോടി. അയൽവാസിയും വിവരമറിഞ്ഞെത്തിയ ബന്ധുവും ചേർന്ന് യുവാവിനെ കീഴ്പ്പെടുത്തിയശേഷം പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് ലൈറ്റർ പിടിച്ചെടുത്തു. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ ദേവരാജൻ, എസ്.ഐ.മാരായ ജ്യോതിസുധാകർ, അനീഷ്, എ.എസ്.ഐ.മാരായ സുനിൽ, സക്കീർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.