സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽക്കാനെത്തിച്ച കഞ്ചാവുമായി 3 യുവാക്കൾ പോലീസ് പിടിയിൽ: പൊലീസിനെ ഇടിച്ച് വീഴ്ത്തി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിടികൂടിയത് സാഹസികമായി
ക്രൈം ഡെസ്ക്
ചങ്ങനാശ്ശേരി :- വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 3 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മതു മൂല അഴിമുഖം പുതുപ്പറമ്പിൽ വീട്ടിൽ ഗിരീഷിന്റെ മകൻ സുധീഷ് കുമാർ (19) .വാഴപ്പള്ളി പട്ടേരി പറമ്പിൽ നടരാജന്റെ മകൻ ആലപ്പി എന്ന് വിളിക്കുന്ന നിധിൻ (27). ആലപ്പുഴ വെള്ളക്കിണർ മുണ്ടറ്റിൽപറമ്പിൽ വീട്ടിൽ ഷരീഫിന്റെ മകൻ അൻവർ ഷരീഫ് (26) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ട സ്ക്വാഡും , ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ചങ്ങനാശ്ശേരി കുരിശുംമൂട് ,മീഡിയ വില്ലേജ് ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.
ബൈക്കിലെത്തിയ ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിനെ ഇടിച്ച് വീഴ്ത്തി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്തതിൽ വിദ്യാർത്ഥികൾക്ക് നൽകുന്നതിനാണ് ഗഞ്ചാവ് കൊണ്ടുവന്നത് എന്ന് ഇവർ പോലീസിനോടു സമ്മതിച്ചു.അൻവർ ഷരീഫ് ആലപ്പുഴ ജില്ലയിൽ അടിപിടി, പിടിച്ചുപറി, തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.സുധീഷ് കുമാറിന്റെ പിതാവ് ഗിരീഷ് വീട്ടുവളപ്പിൽ ഗഞ്ചാവ് ചെടി വളർത്തിയ കേസിലെ പ്രതിയാണ് .
ഇവർ വ്യാപകമായി ഗഞ്ചാവ് വിതരണം ചെയ്യുന്നതായി കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് , ചങ്ങനാശ്ശേരി ഡിവൈഎസ് പി എസ്. സുരേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം , ചങ്ങനാശ്ശേരി സി.ഐ കെ.പി. വിനോദ് , എസ് ഐ എം.ജെ. അഭിലാഷ് ,ആൻറി ഗുണ്ട സ്ക്വാഡ് എ.എസ് ഐ കെ.കെ റെജി, സിബിച്ചൻ ജോസഫ്, അൻസാരി, അരുൺ, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ആന്റണി സബാസ്റ്റ്യൻ, പ്രതീഷ് രാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും 300 ഗ്രാമോളം ഗഞ്ചാവ് പിടിച്ചെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group