വനിതാ നേതാവിനെ അശ്ലിലം പറഞ്ഞെന്ന പരാതിയിൽ മന്ത്രി ജി സുധാകരൻ രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തു

വനിതാ നേതാവിനെ അശ്ലിലം പറഞ്ഞെന്ന പരാതിയിൽ മന്ത്രി ജി സുധാകരൻ രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തു

സ്വന്തം ലേഖിക

ആലപ്പുഴ: പൊതുവേദിയിൽ സിപിഎം വനിതാ നേതാവിനെ അപമാനിച്ച കേസിൽ മന്ത്രി ജി സുധാകരൻ രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തു. സുധാകരൻറെ മുൻ പേഴ്‌സൺ സ്റ്റാഫംഗവും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന യുവതിയുടെ സ്വകാര്യ ഹർജിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തി മന്ത്രി ജാമ്യമെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് സുധാകരനെതിരായ കേസ്. ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് മന്ത്രി രഹസ്യമായി കോടതിയിലെത്തി മുൻകൂർജാമ്യമെടുത്തത്. 2016 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എൻഎച്ച് കുമാരകോടി റോഡിൻറെ ഉദ്ഘാടനവേദിയിൽവച്ച് അന്ന് സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉഷസാലിയെ മന്ത്രി അപമാനിച്ചെന്നാണ് പരാതി.മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന ഉഷയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ ഉഷ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല. തുടർന്ന് ഉഷ അമ്പലപ്പുഴ കോടതിയെ സമീപിച്ചു. രണ്ട് തവണ കോടതി കേസ് പരിഗണിച്ചെങ്കിലും മന്ത്രി ഹാജരായില്ല. ഈമാസം 28ന് നിർബന്ധമായും ഹാജരാകണമെന്ന് മന്ത്രിക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതോടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ അമ്പലപ്പുഴ കോടതിയിലെത്തിയ മന്ത്രി മുൻകൂർജാമ്യമെടുത്തത്. സ്വകാര്യവാഹനത്തിലാണ് മന്ത്രിയെത്തിയത്.