വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസിൽ പ്രതിയായ യുവാവ് പൊലീസിന്റെ പിടിയില്‍ ; രണ്ടു പവൻ തൂക്കം വരുന്ന വ്യാജ സ്വർണ വള നല്‍കി ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപയാണ് തട്ടിയെടുത്തത്
കോഴിക്കോട് : പേരാമ്പ്രയിൽ വ്യാജ സ്വർണം വിറ്റ് പണം തട്ടിയ പ്രതി കേസിൽ യുവാവ് പൊലീസിന്റെ പിടിയില്‍. ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസാണ് (22) പിടിയിലായത്.
മുഖ്യ സൂത്രധാരനായ പാലേരി സ്വദേശി ആകാശിനെ (22) പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
പേരാമ്പ്രയിലെ സ്വർണ വ്യാപാര സ്ഥാപനത്തില്‍ രണ്ടു പവൻ തൂക്കം വരുന്ന വ്യാജ സ്വർണ വള നല്‍കിയാണ് പ്രതികള്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപ തട്ടിയത്. കഴിഞ്ഞ 27നായിരുന്നു സംഭവം. സ്വർണം കണ്ടപ്പോള്‍ തന്നെ സ്ഥാപനത്തിലുള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചുനോക്കിയപ്പോഴും കാരറ്റ് അനലൈസറില്‍ പരിശോധിച്ചപ്പോഴും സ്വർണം തന്നെയെന്ന് കാണിച്ചതും 916 സീല്‍ ഉള്ളതും കാരണമാണ് പണം നല്‍കിയത്. പിന്നീട് ഉരുക്കി നോക്കിയപ്പോഴാണ് സാധനം വ്യാജമാണെന്ന് മനസ്സിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പേരാമ്പ്ര എസ്.ഐ കെ.ജി. അഗസ്‌റ്റിന്റെ നേതൃത്വത്തില്‍ ബാലുശ്ശേരിയില്‍ എത്തിയ പോലീസ് പ്രതിയെ വിദഗ്‌ധമായി പിടികൂടുകയായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നാട്ടില്‍ ഇത്തരം വ്യാജ സ്വർണം കൂടുതലായി എത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.