യുകെ ഡോക്ടറെന്ന വ്യാജേന യുവതിയില്‍ നിന്ന് തട്ടിയത് ലക്ഷങ്ങൾ ; വിലപിടിപ്പുളള ഗിഫ്റ്റുകള്‍ പാര്‍സലായി അയച്ചുതരാമെന്ന് പറഞ്ഞ് തട്ടിപ്പ് ; വാട്സ്ആപ്പ് ചാറ്റില്‍ യുവതിയ്ക്ക് നഷ്ടമായത് 1.35 ലക്ഷം രൂപ
സ്വന്തം ലേഖകൻ
കോഴിക്കോട്: യുകെ ഡോക്ടറെന്ന വ്യാജേന യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ലണ്ടനിലെ പ്രശസ്തനായ ഡോക്ടര്‍ മാര്‍ക്ക് വില്യംസ് എന്ന പേരില്‍ യുവതിയുമായി വാട്സ്ആപ്പില്‍ ചാറ്റ് ചെയ്താണ് തട്ടിപ്പ് നടത്തിയത്.
വിലപിടിപ്പുളള ഗിഫ്റ്റുകള്‍ പാര്‍സലായി അയച്ചുതരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വാട്സാപ്പ് സന്ദേശത്തില്‍ വിശ്വസിച്ച യുവതി പലതവണയായി 1,35,000 രൂപ അയച്ചുകൊടുത്തു. അന്വേഷണത്തില്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി നല്കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാദാപുരം സ്വദേശിയായ യുവതിക്കാണ് ആഴ്ചകള്‍ക്ക് മുന്‍പ് വാട്സാപ്പ് വഴി സന്ദേശമെത്തുന്നത്. പ്രതികരിച്ചപ്പോള്‍ നമ്പര്‍ തെറ്റായിവന്നതാണെന്ന് ഡോക്ടര്‍ പറഞ്ഞു. കൂടുതല്‍ പരിചയപ്പെട്ടതോടെ വിലപിടിപ്പുളള ഗിഫ്റ്റുകള്‍ പാര്‍സലായി അയച്ചുതരാമെന്ന് ഡോക്ടര്‍ യുവതിയോട് വാട്സാപ്പ് സന്ദേശത്തില്‍ പറഞ്ഞു. തൊട്ടടുത്ത ദിവസങ്ങളില്‍ യുവതിക്ക് വിലകൂടിയ ഗിഫ്റ്റുകള്‍ സൗജന്യമായി അയച്ചതായി ഡോക്ടര്‍ വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചു. ഗിഫ്റ്റുകളുടെ ഫോട്ടോയും യുവതിക്ക് അയച്ചുകൊടുത്തു.
മൂന്നുദിവസങ്ങള്‍ക്കുശേഷം ക്വറിയറില്നിന്നുമായി യുവതിക്കൊരു ഫോണ്‍സന്ദേശമെത്തി. നിങ്ങള്‍ക്കുള്ള വിലകൂടിയ ഗിഫ്റ്റ് എത്തിയതായും 35,000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു സന്ദേശം. യുവതി അതടച്ചു. പിന്നീട് ലാന്‍ഡിങ് ചാര്‍ജ്, സര്‍വീസ് ചാര്‍ജ്, മണിട്രാന്‍സ്ഫര്‍ ചാര്‍ജ് എന്നീ പേരുകളില്‍ പലതവണകളായി യുവതിയോട് പണമാവശ്യപ്പെട്ടു.
യുവതി ഒരുലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. വീണ്ടും പലകാരണങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെട്ടതോടെ സംശയംതോന്നിയ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നാദാപുരം മേഖലയില്‍ ഇത്തരത്തില്‍ ഒട്ടേറെപ്പേര്‍ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയായതാണ് പൊലീസിന് ലഭിച്ച വിവരം.