കുന്നത്ത്കളത്തിൽ ചിട്ടി – ജ്വല്ലറി തട്ടിപ്പ്: നിക്ഷേപകർക്ക് ഒരു രൂപ പോലും തിരികെ ലഭിക്കില്ല; വിശ്വനാഥന്റെ സ്വത്ത് തിട്ടപ്പെടുത്താൻ തന്നെ വർഷങ്ങൾ വേണ്ടിവരും; തലയിൽ കൈവച്ച് നിക്ഷേപകർ 

കുന്നത്ത്കളത്തിൽ ചിട്ടി – ജ്വല്ലറി തട്ടിപ്പ്: നിക്ഷേപകർക്ക് ഒരു രൂപ പോലും തിരികെ ലഭിക്കില്ല; വിശ്വനാഥന്റെ സ്വത്ത് തിട്ടപ്പെടുത്താൻ തന്നെ വർഷങ്ങൾ വേണ്ടിവരും; തലയിൽ കൈവച്ച് നിക്ഷേപകർ 

Spread the love
ശ്രീകുമാർ
കോട്ടയം: കുന്നത്ത്കളത്തിൽ ജ്വല്ലറി ചിട്ടിതട്ടിപ്പ് കേസിൽ പണം നഷ്ടമായ ചെറുകിടക്കാർക്ക് ഒരു രൂപ പോലും തിരികെ ലഭിച്ചേക്കില്ല. ഇതു കൂടാതെ കൃത്യമായ ആസ്ഥി കാണിക്കാതെ പൊലീസിൽ പരാതിയും കേസുമായി എത്തുന്നവരെ നിരീക്ഷിച്ച് നടപടിയെടുക്കാൻ എൻഫോഴ്‌സ്‌മെന്റും രംഗത്ത് എത്തിയിട്ടുണ്ട്. പണം നഷ്ടമായത് കൂടാതെ മാനഹാനിയും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരിൽ പലരും. ചിട്ടി ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാരാപ്പുഴ കുന്നത്ത്കളത്തിൽ ജിനോഭവനിൽ കെ.കെ വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നവരുടെ ജാമ്യാപേക്ഷ ശനിയാഴ്ച കോടതി തള്ളിയിരുന്നു.
നിലവിൽ കോട്ടയം വെസ്റ്റ് സ്‌റ്റേഷനിൽ മാത്രം കുന്നത്ത്കളത്തിൽ ഗ്രൂപ്പിനെതിരെ ഇരുപത് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയിരത്തിലേറെ പരാതിക്കാർക്കായി അഞ്ഞൂറ് കോടിയോളം രൂപ നഷ്ടമായതായാണ് കേസ്. ചങ്ങനാശേരിയിലും, കോട്ടയം ഈസ്റ്റിലും കുമരകം പൊലീസ് സ്റ്റേഷനിലും വിശ്വനാഥനും കുടുംബത്തിനുമെതിരെ ഇരുവരെ പതിനഞ്ചോളം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ഈ ബിസിനസ് സാമ്രാജ്യത്തിനെതിരെ മുപ്പതിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട.
എന്നാൽ, കോട്ടയം സബ് കോടതിയിൽ വ്ിശ്വനാഥനും കുടുംബവും സമർപ്പിച്ച ഹർജിയിൽ ഇവർക്ക് 136 കോടിയുടെ ബാധ്യതയുണ്ടെന്നും, 67 കോടിയുടെ ആസ്ഥിമാത്രമേ ഉള്ളൂ എന്നുമാണ് ബോധിപ്പിച്ചിരിക്കുന്നത്. ഇതേ തുടർന്നാണ് തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്നു കാട്ടി ഇവർ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇതിനായി ഒരു അഭിഭാഷകനെ കോടതി റിസീവറായി നിയോഗിച്ചിട്ടുമുണ്ട്. പ്രാഥമികമായി റിസീവർ ചെയ്യേണ്ട കർത്തവ്യം പാപ്പർ ഹർജി നൽകിയ വിശ്വനാഥന്റെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ തിട്ടപ്പെടുത്തുക എന്നതാണ്. എന്നാൽ, ഈ നടപടി ക്രമം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കുമെന്ന സൂചനകൾ റിസീവർ തേർഡ് ഐ ന്യൂസ് ലൈവിനു നൽകിയിട്ടുണ്ട്. ഈ നടപടിക്രമങ്ങൾ പരമാവധി വൈകിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വനാഥന്റെയും സംഘത്തിന്റെയും നീക്കങ്ങളും. ഇതിനായി ഇവർ കഴിഞ്ഞ ദിവസം കോടതിയിൽ മറ്റൊരു ഹർജി നൽകിയിരുന്നു. പാപ്പർ ഹർജി പരിഗണിക്കാനുള്ള അവകാശം കോട്ടയത്തെ കോടതിയ്ക്കില്ലെന്നും, ഇതിനുള്ള അവകാശം ചെന്നൈയിലെ കോടതിയ്ക്കാണെന്നുമായിരുന്നു ഇവരുടെ വാദം. ഇത് കേസ് മനപൂർവം നീട്ടുന്നതിനും, നടപടികൾ വൈകിപ്പിക്കുന്നതിനുമാണെന്നാണ് ആക്ഷേപം.
ഇതിനിടെ കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഗോകുലം ചിട്ടിഫണ്ടിനു മാത്രം ഏകദേശം 20 കോടി രൂപയ്ക്കു മുകളിൽ കൊടുത്തു തീർക്കാനുണ്ട്. കോടതി നടപടിക്രമങ്ങളുടെ ഭാഗമായി ഇവരുടെ വസ്തുവും ആസ്തിയും ലേലം ചെയ്യാനുള്ള അവകാശം സ്വാഭാവികമായും ബാങ്കുകൾക്കും വൻകിട കടക്കാർക്കുമാവും ലഭിക്കുക. വിവിധ ബാങ്കുകൾക്കും ഗോകുലം അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കുമായി അൻപത് കോടിയെങ്കിലും ഇവർ നൽകാനുണ്ട്. ഈ തുക ബാങ്ക് നടപടിക്രമങ്ങളിലൂടെ വൻകിടക്കാർ സ്വന്തമാക്കും. ബാക്കിയുള്ള തുക മാത്രമേ ചെറുകിട നിക്ഷേപകർക്കു തിരികെ ലഭിക്കൂ. എന്നാൽ, ഇത് തിരികെ ലഭിക്കാൻ വർഷങ്ങൾ തന്നെ വേണ്ടി വരുമെന്നാണ് സൂചന. ഇതിനിടെ കേസിൽ വിശ്വനാഥനും കുടുംബവും ജാമ്യമെടുത്ത് മുങ്ങുക കൂടി ചെയ്താൽ നടപടിക്രമങ്ങൾ വീണ്ടും വൈകും.
വഞ്ചനാകുറ്റത്തിനു രജിസ്റ്റർ ചെയ്ത കേസിൽ വിശ്വനാഥനും കുടുംബത്തിനും ശിക്ഷകിട്ടിയാൽ പോലും നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെ ലഭിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ നിക്ഷേപകർക്കു പണം തിരികെ ലഭിക്കാനുള്ള എല്ലാവഴികളും ഇതോടെ അടഞ്ഞിരിക്കുകയാണ്. മുൻപ് പണം തട്ടിപ്പ് നടന്ന സംഭവങ്ങളിൽ ഉൾപ്പെട്ട കേസുകളിലൊന്നും പരാതിക്കാർക്ക് പണം കൃത്യമായി തിരികെ ലഭിച്ചിട്ടില്ല.