കൊടുങ്ങല്ലൂരമ്മ മുതല്‍ മധുര മീനാക്ഷി വരെ; തുഷാരയുടെ ദേഹത്ത് കയറുന്നതെല്ലാം ഉഗ്രരൂപിണികളായ ദൈവങ്ങള്‍; നടത്തിയത് ശാസ്ത്രീയമായ തട്ടിപ്പ്; 54 ലക്ഷം രൂപയും മകനെയും നഷ്ടപ്പെട്ട് വീട്ടമ്മ

കൊടുങ്ങല്ലൂരമ്മ മുതല്‍ മധുര മീനാക്ഷി വരെ; തുഷാരയുടെ ദേഹത്ത് കയറുന്നതെല്ലാം ഉഗ്രരൂപിണികളായ ദൈവങ്ങള്‍; നടത്തിയത് ശാസ്ത്രീയമായ തട്ടിപ്പ്; 54 ലക്ഷം രൂപയും മകനെയും നഷ്ടപ്പെട്ട് വീട്ടമ്മ

സ്വന്തം ലേഖിക

കൊല്ലം: കാലം പുരോ​ഗമിച്ചിട്ടും ആള്‍ദൈവങ്ങളുടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കുയുറയുന്നില്ല.

ഇവരില്‍ കൂടുതലും സമൂഹത്തിലെ മധ്യവര്‍​ഗമോ ഉന്നതരോ ആണെന്നാണ് ഏറെ ശ്രദ്ധിക്കപ്പെടേണ്ടത്. രാഷ്ട്രീയ പിന്തുണ കൂടിയുണ്ടാക്കുമ്പോൾ ആൾദൈവങ്ങൾക്ക് തട്ടിപ്പ് നടത്താൻ എളുപ്പമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തരത്തിൽ വളരെ ശാസ്ത്രീയമായ തട്ടിപ്പാണ് കൊല്ലം ജില്ലയിലെ കുണ്ടറ ഇളംമ്പള്ളൂര്‍ ​ഗ്രാമപഞ്ചായത്ത് അം​ഗമായ ശ്രീധരന്റെ മകള്‍ ഹിന്ദുജ എന്നറിയപ്പെടുന്ന തുഷാര നടത്തിയത്. കേവലം ഒരു നടുവേദനയുടെ പേരില്‍ പരിചയപ്പെട്ട ആള്‍ദൈവമായ യുവതി വീട്ടമ്മയെ പറ്റിച്ച്‌ 54 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഒപ്പം വീട്ടമ്മയുടെ മകനെയും ഇവര്‍ വശത്താക്കി.

ദേശസാല്‍കൃത ബാങ്കിലെ അസിസ്റ്റന്റ് മാനേജരായ ഇയാള്‍ ഈ യുവതിയെ വിവാഹം കഴിച്ചു എന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. കടപ്പാക്കട സ്വദേശിയായ ശ്രീദേവിയാണ് തട്ടിപ്പിനിരയായത്. ഇപ്പോള്‍ താമസിക്കുന്ന വീടൊഴികെ മറ്റെല്ലാ സ്വത്തുക്കളും മകന്റെ പേരില്‍ എഴുതിവെപ്പിക്കാനും യുവതിക്ക് കഴിഞ്ഞു.

ജിയോളജി വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥനായിരുന്നു ശ്രീദേവിയുടെ ഭര്‍ത്താവ്. വിട്ടുമാറാത്ത നടുവേദനയെ തുടര്‍ന്നാണ് ശ്രീദേവിയുടെ ഒരു സുഹൃത്ത് മാപ്പുഴയമ്മ എന്നറിയപ്പെടുന്ന ഹിന്ദുജയെ ശ്രീദേവിക്ക് പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് ഹിന്ദുജ നടത്തിയത് ഒരിക്കലും പിടിക്കപ്പെടാത്ത നിലയിലുള്ള തട്ടിപ്പുകളാണ്.

ശ്രീദേവിയെ മാനസികമായി അടിമയാക്കിയ ഹിന്ദുജ പണം തട്ടിയെടുക്കുന്നതിനൊന്നും രേഖകള്‍ പോലും അവശേഷിപ്പിച്ചില്ല. ക്ഷേത്രവും ആനക്കൊട്ടിലും ശ്രീദേവിയെ കൊണ്ട് തന്നെ പണിയിപ്പിച്ചു. കാര്‍ വാങ്ങാനുള്ള പണം മറ്റൊരു വിശ്വസ്തനെ ഏല്‍പ്പിക്കാന്‍ പറഞ്ഞു.

അയാളുടെ അക്കൗണ്ടിലേക്ക് ആ പണം നിക്ഷേപിക്കുകയും പിന്നീട് അയാള്‍ ഹിന്ദുജക്ക് കാര്‍ വാങ്ങി നല്‍കുകയുമായിരുന്നു. ഇതിനിടയിലാണ് പൊന്‍മുട്ടയിടുന്ന താറാവാണ് ശ്രീദേവിയെന്ന് തിരിച്ചറിഞ്ഞ ഹിന്ദുജ, ശ്രീദേവിയുടെ മകനെ വശത്താക്കുന്നത്.

തന്റെ മകനെ പോലെ എന്ന് പറഞ്ഞാണ് ഹിന്ദുജ യുവാവുമായി അടുക്കുന്നത്. ആദ്യകാലത്ത് ശ്രീദേവിക്കും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നില്ല. ചെറിയ കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും കരിവളകളുമൊക്കെയായിരുന്നു യുവതി ഈ യുവാവിന് സമ്മാനമായി നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഹിന്ദുജയും യുവാവും പറയുന്നത് തങ്ങള്‍ വിവാഹം കഴിച്ചെന്നാണെന്ന് ശ്രീദേവി വെളിപ്പെടുത്തുന്നു.

ദൈവങ്ങള്‍ തന്റെ ദേഹത്തേക്ക് കുടിയേറുന്നു എന്നാണ് ഹിന്ദുജ അവകാശപ്പെടുന്നത്. മാപ്പുഴയമ്മ എന്ന പേരിലാണ് യുവതി അറിയപ്പെടുന്നത്. കൊടുങ്ങല്ലൂരമ്മ മുതല്‍ മധുരമീനാക്ഷി വരെ ഹിന്ദുജയുടെ ദേഹത്തേക്ക് കുടിയേറും. പിന്നീടാണ് ദര്‍ശനവും അനു​ഗ്രഹവുമെല്ലാം. കുടുംബ പ്രശ്നങ്ങളും ആരോ​ഗ്യ പ്രശ്നങ്ങളുമെല്ലാം ഇവര്‍ പരിഹരിക്കും. മരുന്ന് എന്ന് പറഞ്ഞ് എന്താണ് ആളുകള്‍ക്ക് നല്‍കിയിരുന്നത് എന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.

ഹിന്ദുജ, അച്ഛന്‍ ശ്രീധരന്‍ ഉള്‍പ്പെടെ അഞ്ചുപ്പേര്‍ക്കെതിരെ ശ്രീദേവിയുടെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നില്‍ ശ്രീധരന്റെ രാഷ്ട്രീയ സ്വാധീനമാണെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമാകുന്നത്. ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തത്. ഹിന്ദുജയെ കൂടാതെ ശ്രീധരന്‍, ലക്ഷ്മിക്കുട്ടി, സഹോദരി തപസ്യ, സഹായി കൃഷ്ണരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ ബിജെപി നേതാവായിരുന്ന ശ്രീധരന്റെ മകളാണ് ഹിന്ദുജ. പഞ്ചായത്ത് ഭരണം പിടിക്കാന്‍ സിപിഎമ്മിനെ സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് പ്രതികളെ പൊലീസ് സംരക്ഷിക്കുന്നത് എന്ന ആരോപണം ശക്തമാണ്.

ശ്രീധരന്റെ വീടിനും ഹിന്ദുജയുടെ ക്ഷേത്രത്തിനും ​ഗുണ്ടകളുടെ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ് ഇവരുടെ ജോലി. ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും അനുവദിക്കില്ല.