ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം: അറസ്റ്റ് അടുത്ത ആഴ്ച; നിർണ്ണായക തീരുമാനം തിങ്കളാഴ്ച

ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം: അറസ്റ്റ് അടുത്ത ആഴ്ച; നിർണ്ണായക തീരുമാനം തിങ്കളാഴ്ച

സ്വന്തം ലേഖകൻ

കോട്ടയം: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അടുത്ത ആഴ്ച ഉണ്ടായേക്കും. ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ബിഷപ്പ് കേരളത്തിലേക്ക് വരാൻ തയ്യാറായില്ലെങ്കിൽ ഇദ്ദേഹത്തെ ജലന്ധറിലെത്തി ചോദ്യം ചെയ്യുന്നതിനും തുടർന്ന് അറസ്റ്റിലേക്ക് കടക്കുന്നതിനുമാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഐ.ജി വിജയ് സാക്കറയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടക്കുന്ന ഉന്നതതല യോഗത്തിൽ വൈക്കം ഡി.വൈ.എസ്.പി പി.കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ നിർദ്ദേശത്തോടുകൂടി അറസ്റ്റിലേക്ക് കടക്കുന്നതിനാണ് പോലീസ് സംഘം തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 13 ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ മൊഴി പൂർണമായും കളവാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു കഴിഞ്ഞു. ഇത് തെളിയിക്കാൻ മതിയായ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ലൈംഗിക പീഡനം സംബന്ധിച്ച് കന്യാസ്ത്രീ നൽകിയ മൊഴി പ്രകാരമുള്ള തെളിവുകളും ശേഖരിച്ചു. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിലേക്ക് കടക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. അതിനിടെ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെട്ട ഷോബി ജോർജിൻറെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസുമായി തനിക്ക് ബന്ധമില്ലെന്നാണ് ഷോബിയുടെ മൊഴി. ജലന്ധറിൽ താൻ പോയിട്ടില്ല. വാഹനം വാങ്ങാൻ ഒരുതവണ പഞ്ചാബിൽ പോയിരുന്നതായും പോലീസിനോട് പറഞ്ഞു. ഷോബിയുടെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.